1000 കോടി ക്ലബ്ബിൽ ഇടം നേടി ജവാൻ. ഇതോടെ ബോളിവുഡിന്റെ മാത്രമല്ല ബോക്സ് ഓഫിസ് കിംങും താനാണെന്ന് തെളിയിക്കുകയാണ് സൂപ്പർതാരം ഷാറുഖ് ഖാൻ. ‘ജവാൻ’ ആയിരം കോടി ക്ലബ്ബില്‍ ഇടം നേടിയതോടെ ഒരു വർഷം രണ്ട് ചിത്രങ്ങൾ ആയിരം കോടി ക്ലബ്ബിലെത്തിക്കുന്ന ഏക നടനായി ഷാറുഖ് ഖാൻ മാറി. മാത്രമല്ല ആയിരം കോടി ക്ലബ്ലില്‍ ഇടം നേടിയ സിനിമയുള്ള ഏക തമിഴ് സംവിധായകനായി അറ്റ്ലിയും നേട്ടം കൊയ്തു.1004.92 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ വേൾഡ് വൈഡ് കളക്ഷൻ. നിർമാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക വാർത്ത പുറത്തുവിട്ടത്.
ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം 500 കോടിയാണ് നേടിയത്. കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കലക്ഷനാണ് ഇപ്പോൾ ജവാന് ലഭിച്ചിരിക്കുന്നത്. ഇതിനു മുമ്പ് ഹിന്ദിയിൽ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിർ ഖാന്റെ ദംഗലും ഷാറുഖിന്റെ പഠാനുമാണ്. ഈ വർഷം ജനുവരിയിൽ റിലീസിനെത്തിയ പഠാൻ, 27 ദിവസം കൊണ്ടായിരുന്നു ആയിരം കോടിയിലെത്തിയത്. ദംഗൽ ആകട്ടെ ചൈനീസ് റിലീസോടെ ഈ ക്ലബ്ബില്‍ ഇടം പിടിക്കുകയായിരുന്നു. 2070 കോടി ആഗോള കലക്ഷനുള്ള ദംഗൽ തന്നെയാണ് ഹിന്ദിയിലെ ഏറ്റവും വലിയ പണംവാരി ചിത്രം. കൂടാതെ രാജമൗലിയുടെ ബാഹുബലി 2, ആർആർആർ, പ്രഭാസ് നീൽ–യാഷ് ടീമിന്റെ കെജിഎഫ് എന്നിവയാണ് ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയ മറ്റ് ഇന്ത്യൻ സിനിമകൾ.