രജനികാന്ത് നായകനായ ‘ജയിലർ’ എന്ന ചിത്രത്തിനെതിരെ മദ്രാസ് ഹെെക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ചിത്രത്തിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പകരം എ സർട്ടിഫിക്കറ്റ് നൽകണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. അഭിഭാഷകനായ എം.എല്‍ രവിയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
ചിത്രത്തില്‍ വയലൻസുള്ള രംഗങ്ങള്‍ ധാരാളമുണ്ടെന്നും കുട്ടികൾക്ക് അനുയോജ്യമല്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. വില്ലൻ കഥാപാത്രം ചുറ്റിക കൊണ്ട് ഒരാളെ അടിച്ചു കൊല്ലുന്ന വയലൻസ് രംഗങ്ങൾ ഉൾപ്പടെ ചിത്രത്തിലുണ്ട്. അതേസമയം അമേരിക്കയിലും യുകെയിലും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത് എന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഹർജിയിൽ തീരുമാനം ഉണ്ടാകുന്നത് വരെ ജയിലറിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം നാന്നൂറ് കോടി ബോക്സോഫീസ് കളക്ഷനും കടന്ന് ചിത്രം വൻ വിജയം കൈവരിച്ചിരിക്കുകയാണ്. എന്നാൽ വിജയാഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ ഒരു യാത്രയിലാണ് രജനികാന്ത്. യാത്രയുടെ ഭാഗമായി അദ്ദേഹം കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ എത്തിരുന്നു.