നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജിനെ പ്രശംസിച്ച് നടൻ ജഗദീഷ്. നിലപാടുകളിൽ കാർക്കശ്യം സൂക്ഷിക്കുന്ന പൃഥ്വിരാജിന് മനസിലൊന്ന് കരുതുകയും പുറമെ വേറൊന്നു കാണിക്കുകയും ചെയ്യുന്ന രീതിയില്ലെന്നാണ് ജഗദീഷ് തുറന്നുപറഞ്ഞ്. മുതിർന്നവർക്ക് ഏറ്റവും ആദരം നൽകുകയും അതേസമയം പറയാനുള്ളത് മുഖത്തുനോക്കി പറയുമെന്നും താരം കൂട്ടിച്ചേർത്തു. ഗുരുവായൂരമ്പലനടയിൽ സിനിമയുടെ വിജയാഘോഷവേളയിലായിരുന്നു ജഗദീഷിൻ്റെ പരാമർശം.
“പുതിയ തലമുറ പൃഥ്വിരാജിന്റെ സ്വഭാവം കണ്ടുപഠിക്കേണ്ടതാണ്. മുതിർന്നവർക്ക് ഏറ്റവും ആദരവും സ്നേഹവും നൽകും. അതോടൊപ്പം തന്നെ നിലപാടിന്റെ കാര്യം വരുമ്പോൾ മനസിലൊന്ന്, പുറമെ വേറൊന്ന് എന്ന രീതി പൃഥ്വിരാജിന് ഇല്ല. പറയാനുള്ളത് മുഖത്തു നോക്കി പറയും. പൃഥ്വിരാജിൻ്റെ മനസിലുള്ളത് അദ്ദേഹത്തിന്റെ മുഖത്ത് വായിച്ചെടുക്കാൻ കഴിയും. അത് മഹത്തരമായ ഒരു ഗുണമാണ്. അതു നിലനിറുത്തുക. അതിൽ ഞങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ട്.
പുതിയ തലമുറയ്ക്ക് പൃഥ്വിരാജിൽ പിന്തുടരാൻ കഴിയുന്ന ഗുണങ്ങളാണ് ഇത്. എല്ലാ കാര്യങ്ങളിലും പൃഥ്വിരാജിന് തന്റേതായ നിലപാടുണ്ട്. അത് തുറന്നുപറയുകയും ചെയ്യും. അതോടൊപ്പം കർക്കശമായ മനോഭാവവുമുണ്ട്. ഇഷ്ട്ടപ്പെടാത്ത കാര്യമാണെങ്കിൽ ഇതാണ് സംഭവം എന്ന് മുഖത്തുനോക്കി തുറന്നുപറയും. അതു കഴിയുമ്പോൾ ‘ചേട്ടാ, സുഖമല്ലേ’ എന്നു ചോദിക്കും. ആ ലൈൻ വളരെ ഇഷ്ടമാണ്” എന്നാണ് ജഗദീഷ് പറഞ്ഞത്. ജഗദീഷിന്റെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.