മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലാസിക് ത്രില്ലർ ഏതാണെന്ന് ചോദിച്ചാൽ എല്ലവരും ഒന്നടങ്കം പറയുന്നത് മണിച്ചിത്രത്താഴ് എന്നാകും. കാരണം, മധു മുട്ടത്തിന്റെ തിരക്കഥയും ഫാസിലിന്റെ സംവിധാന മികവും ഒത്തുചേർന്ന ചിത്രത്തിൽ മോഹൻലാലും സുരേഷ്ഗോപിയും ശോഭനയുമെല്ലാം തകർത്തഭിനയിച്ചിരിക്കുകയാണ്. ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് നടൻ ജാഫർ ഇടുക്കി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങിയിരുന്നതെങ്കിൽ ഷൂട്ടിങ്ങിന്റെ ആദ്യ ദിനം തന്നെ ശോഭനയാണ് നാഗവല്ലിയെന്ന കാര്യം പുറത്തുവരുമെന്നും പുറംലോകം ഇക്കാര്യം അതറിയാതെ ഇരിക്കണമെങ്കിൽ വല്ല ഗുഹയിലും ചെന്ന് പടം പിടിക്കേണ്ടി വരുമായിരുന്നു എന്നുമാണ് ജാഫർ ഇടുക്കി തുറന്നടിച്ചത്. “മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കിൽ അത് വിജയിക്കില്ല. കാരണം സിനിമയുടെ സസ്പെൻസ് ആദ്യദിനം തന്നെ കുറേ പേര് ഫോണിൽ പകർത്തും. ശോഭന നാഗവല്ലിയാണ് എല്ലാവരും കാണണം എന്നവർ പറയും. ഒളിച്ചും പാത്തും വല്ല ഗുഹയിൽ ചെന്ന് എടുക്കേണ്ടി വന്നേനെ. അങ്ങനെയൊക്കെ പ്രശ്‌നമുണ്ട്.
സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ആളുകളുടെ ഫോൺ റെക്കോർഡിങ്. നമ്മൾ അനൗൺസ് ചെയ്താലും അവർ റെക്കോർഡ് ചെയ്യും. അങ്ങനെ ഒരാൾ റെക്കോർഡ് ചെയ്യുമ്പോൾ ഒരു നിർമാതാവിൻ്റെ മനസൊക്കെ എത്ര വിഷമിക്കുന്നുണ്ടാവും എന്നറിയുമോ. എത്ര കാശ് മുടക്കിയാണ് സിനിമ ചെയ്യുന്നതെന്ന് അറിയുമോ. അതാണ് ഒരൊറ്റ ക്ലിക്കിൽ ഒന്നും അല്ലാതെ ആക്കുന്നത്” എന്നാണ് ജാഫർ ഇടുക്കി പറഞ്ഞത്. താരത്തിന്റെ വാക്കുകളിൽ വാസ്തവമുണ്ടെന്നും ഷൂട്ടിങ് കാണാൻ പോകുന്നവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നുമുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്നത്.