മണിച്ചിത്രത്താഴിന് 30 വയസ്സ്

Date:

Share post:

കുട്ടിച്ചാത്തന്റെ ശല്യം മൂലം ഒരു വീട്ടിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ. അതിനെ അവർ എങ്ങനെ തരണം ചെയ്യുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം. എഴുത്തുകാരനും സംവിധായകനും സംഘവും കഥ പൂർത്തിയാക്കാൻ ഇരുന്നു. പക്ഷെ കഥ മുന്നോട്ട് പോകുന്തോറും സംശയങ്ങളും തിരുത്തിയെഴുതലുകളും ഉണ്ടായി. ഗതിമാറി പോയ കഥ അങ്ങനെ ലോകം കണ്ട മികച്ച മലയാള സിനിമയുടേതായി മാറി. മലയാളികളുടെ ഹൃദയത്തെ താഴിട്ട് പൂട്ടിയ മനോഹര ചിത്രത്തിന്റെ കഥ. ‘മണിച്ചിത്രത്താഴി’ന്റെ കഥ.

വർഷങ്ങൾക്ക് മുൻപ് ശേഖരൻ തമ്പിയും നാഗവല്ലിയും ജീവിച്ചിരുന്ന മാടമ്പിള്ളി തറവാട്ടിലേക്ക് കൽക്കട്ടയിൽ നിന്ന് ഗംഗയും നകുലനുമെത്തുന്നു. സ്വന്തം നാട്ടിലേക്ക് കല്യാണം കഴിഞ്ഞുള്ള അവരുടെ ആദ്യ വരവാണ്. ആ വരവിന് മുൻപേ മാടമ്പള്ളി തറവാടിന്റെ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകളെ കുറിച്ചുള്ള സൂചന നൽകാൻ ദാസപ്പൻകുട്ടിയും (കെ ബി ഗണേഷകുമാർ) ഉണ്ണിത്താനും (ഇന്നസെന്റ്) തമ്മിൽ ചെറിയ സംഭാക്ഷണങ്ങളും സംഭവങ്ങളും ഉണ്ടാവുന്നുണ്ട്. ശേഷം, ഗംഗയും നകുലനും തറവാട്ടിലെത്തി. പാരമ്പര്യ ചിന്താഗതിക്കാരനായ അമ്മാവന്റെ (നെടുമുടി വേണു) വാക്കിനെ അവഗണിച്ച്  പഴയ തറവാട്ടിലേക്ക് പ്രവേശിക്കുന്നതോട് കൂടി ചില അമാനുഷിക സംഭവങ്ങൾക്ക് അവർ സാക്ഷ്യം വഹിക്കുന്നു. അവിടെന്നങ്ങോട്ട് കഥയുടെ ഗതി മാറുകയാണ്. മണിച്ചിത്രത്താഴ് തുറന്ന് അവർ മാടമ്പള്ളിയിലേക്ക് പ്രവേശിക്കുന്നു. ശേഷം സ്‌ക്രീനിൽ…

പഴമയെ സ്നേഹിക്കുന്ന, പഴങ്കഥകളെ സ്നേഹിക്കുന്ന ഗംഗ മാടമ്പള്ളി തറവാട്ടിൽ ആക്രിഷ്ടയാവുന്നു. അബദ്ധവശാൽ നാഗവല്ലിയുടെയും ശങ്കരൻ തമ്പിയുടെയും ആത്മാക്കളെ ബന്ധിപ്പിച്ച തെക്കിനിയിലേക്ക് ഗംഗ പ്രവേശിക്കുന്നു. ഗംഗ അവിടുത്തെ വസ്തുക്കളിൽ ഭ്രമിക്കുന്നു. അതിസുന്ദരിയായ നാഗവല്ലിയുടെ ചിത്രത്തിന് മുൻപിൽ നിന്ന് ഗംഗ നാഗവല്ലിയെ അനുകരിക്കുന്നു. ഗംഗ നാഗവല്ലിയായി മാറുന്നു. പിന്നീട് സിനിമാലോകം കണ്ടത് ഗംഗയെയും നാഗവല്ലിയെയും അവതരിപ്പിച്ച ശോഭന എന്ന അതുല്യ കലാകാരിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങളെയാണ്.

മണിച്ചിത്രത്താഴിന്റെ ജീവസും ഓജസുമാണ് ഗംഗ എന്ന കഥാപാത്രം. ഈ കഥാപാത്രത്തിന്റെ സൃഷ്ടിയിലേക്ക് എത്തിയതും മറ്റൊരു രസകരമായ കഥയാണ്. സിനിമയുടെ ചർച്ചാവേളയിൽ ഒരു ദിവസം മധുമുട്ടം ഫാസിലിന്റെ മുന്നിലെത്തുന്നു. കയ്യിൽ ചുരുട്ടിപ്പിടിച്ച ഒരു ആഴ്ചപ്പതിപ്പും അതിനുള്ളിലൊരു പേപ്പറുമുണ്ട്. എന്താണ് പേപ്പറിലെന്ന് ചോദിച്ചപ്പോൾ മധുവിന്റെ മറുപടിയെത്തി. “ഓ അത് പണ്ടെഴുതിയ ഒരു കവിതയാ…ഇതാണ് ആ കവിത”

“വരുവാനില്ലാരുമില്ലൊരുനാളുമീ
വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളരാളാരോ വരുവാനുണ്ടെന്നു
ഞാൻ വെറുതേ മോഹിക്കുമല്ലോ…”

ഗംഗ എന്ന കഥാപാത്രത്തിന്റെ ഉള്ളറകളിലേക്ക് സംവിധായകൻ ഇറങ്ങിച്ചെന്നത് ഈ വരികളിലൂടെയാണ്. ഈ കവിത പിന്നീട് മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടായി മാറുകയും ചെയ്തു.

 

മാടമ്പള്ളിയിലെ അസ്വാഭാവിക സംഭവങ്ങളിൽ ശ്രീദേവിയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി നാഗവല്ലി ലക്ഷ്യം നേടാനുള്ള വഴികൾ വെട്ടിത്തെളിക്കുകയാണ്. സ്വന്തം ഭർത്താവായ നകുലന് പോലും അത് മനസിലാക്കാൻ കഴിയുന്നില്ല. രാത്രി വേലക്കാരികൾ ഒരു രൂപത്തെ കണ്ട് ഭയന്നു എന്നറിയിക്കാൻ ശ്രീദേവി നകുലന്റെയും ഗംഗയുടെയും മുറിയുടെ വാതിൽ തട്ടുമ്പോൾ ആദ്യം ഉണർന്നത് ഗംഗയാണ്. ഗംഗ കണ്ണ് തുറക്കുന്ന ആ ഒരൊറ്റ ഷോട്ടിൽ തന്നെ ഗംഗയാണ് നാഗവല്ലി എന്ന് പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട് സംവിധായകൻ. എന്നാൽ അത്ര പെട്ടന്ന് അതാർക്കും മനസിലാക്കാൻ സാധിക്കാതിരുന്നത് ചിത്രത്തിന്റെ വിജയമാണ്. മറ്റുള്ളവർ കണ്ടു എന്ന് പറയുന്ന രൂപത്തെ നകുലൻ ചുറ്റും തിരഞ്ഞപ്പോൾ എല്ലാവരെയും പേടിപ്പിക്കാനായി അടുത്ത പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു നാഗവല്ലി. ഓരോ വട്ടം കാണുന്തോറും പുതിയ അത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന സിനിമ. അതാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴ്.

ഗംഗ നാഗവല്ലിയായി മാറി തമിഴ് സംസാരിക്കുന്ന രംഗങ്ങളിൽ എല്ലാം ശോഭനയ്ക്ക് ശബ്ദം നൽകിയത് ദുർഗ എന്ന തമിഴ് ഡബ്ബിംഗ് ആർട്ടിസ്റ്റാണ്. എന്നാൽ ഏറെക്കാലത്തോളം ഡബ്ബിംഗ് പൂർണമായും ചെയ്തത് താനാണെന്ന് തെറ്റിദ്ധരിച്ചിരുന്നു ഗംഗയ്ക്ക് ശബ്ദം നൽകിയ ഭാഗ്യലക്ഷ്മി. മാത്രമല്ല, മറ്റൊരു രസകരമായ കഥ കൂടിയുണ്ട് മണിച്ചിത്രത്താഴിന്റെ പിന്നാമ്പുറത്തിന്. മോഹൻലാലിന്റെ കഥാപാത്രം കുളിക്കാൻ എത്തുമ്പോൾ കെപിഎസി ലളിതയുടെ കഥാപാത്രവുമായി സംസാരിക്കുന്ന ഒരു നർമbരംഗമുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞ് ഡബ്ബിംഗിന് എത്തിയപ്പോഴായിരുന്നു ലളിത അങ്ങനെയൊരു സീനിനെ കുറിച്ച് അറിയുന്നത്. ഞാൻ അറിയാതെ ഷൂട്ട് ചെയ്ത സീനിൽ ഡബ്ബ് ചെയ്യില്ല എന്ന് കെപിഎസി ലളിത വാശി പിടിച്ചു. ഒടുവിൽ അനുനയിപ്പിച്ചത് എങ്ങനെയാണെന്ന് അറിയോ? ” ചേച്ചീ ഇതൊരു കുളിസീനല്ലേ, ചേച്ചിയുടെ കുളിസീൻ ഉൾപ്പെടുത്താത്തത് നന്നായില്ലേ” ഈ ചോദ്യത്തിൽ ലളിത പിടി വാശി മാറ്റി. പിന്നെ കണ്ടത് അഭിനയിച്ചിട്ടില്ലാത്ത സീനിൽ ഡബ്ബ് ചെയ്ത് തകർക്കുന്ന കെപിഎസി ലളിതയെയാണ്.

മാടമ്പള്ളിയിലെ അമാനുഷിക സംഭവങ്ങളുടെ സത്യാവസ്ഥ അറിയാൻ മനഃശാസ്ത്ര വിദഗ്ധനും ഉറ്റ സുഹൃത്തുമായ ഡോ സണ്ണി ജോസഫിനെ (മോഹൻലാൽ) ഇതിന്റെ വസ്തുത എന്താണെന്നറിയാൻ നകുലൻ വിളിപ്പിക്കുന്നു. ദ്വന്ദവ്യക്തിത്വം അഥവാ അപരവ്യക്തിത്വം (മൾട്ടിപ്പിൾ പർസനാലിറ്റി ഡിസോഡർ) ബാധിച്ച ഗംഗ തന്നെയാണ് ഈ ദുരൂഹതക്ക് പിന്നിലെന്ന് ഏറെ വൈകാതെ അദ്ദേഹം തിരിച്ചറിയുന്നു. ഗംഗയെ വേട്ടയാടിയിരുന്ന ചില പഴയകാല പ്രശ്നങ്ങളായിരുന്നു ഇതിന് കാരണം. എന്നാൽ സണ്ണി ശ്രീദേവിയെ മുന്നിൽ നിർത്തി ഗംഗയെ (നാഗവല്ലി) ആരും സംശയിക്കുന്നില്ല എന്ന് വരുത്തി തീർത്തു. ശ്രീദേവിയും ചന്തുവും തന്നെയാണ് സണ്ണിയ്ക്ക് സഹായിയായി എത്തുന്നത്.

സിനിമയുടെ അവസാനം ഗംഗയാണ് നാഗവല്ലിയെന്ന സത്യം നകുലനോട് സണ്ണി പറയുമ്പോൾ കാണുന്ന പ്രേക്ഷകന്റെയും നെഞ്ചിൽ ഒരു ഞെട്ടൽ ഉണ്ടാവുന്നുണ്ട്. കാമുകനായ രാമനാഥനായി നാഗവല്ലി കാണുന്ന മഹാദേവനും നകുലനും സത്യം മനസിലാക്കുന്ന ആ രംഗം കണ്മുന്നിൽ ശരിക്കും സംഭവിക്കുന്നത് പോലെയായിരുന്നു ഓരോരുത്തരും മണിച്ചിത്രത്താഴ് കണ്ട് തീർത്തത്. മന്ത്രവാദ ക്രിയ്യകൾ ചെയ്യാനെത്തുന്ന സണ്ണിയുടെ സുഹൃത്ത് പല്ലാട്ട് ബ്രഹ്മദത്തൻ നമ്പൂതിരിയും (തിലകൻ) സംഘവും സണ്ണിയ്ക്ക് സഹായമായി എത്തുന്നതോടെ നാഗവല്ലിയെ ആവാഹിക്കാനുള്ള ഒരുക്കങ്ങളായി.

ആ ദിവസത്തോട് അടുക്കുകയാണ്. ദുർഗാഷ്ടമിയിൽ പൂർണ്ണമായും നാഗവല്ലിയായി മാറുന്ന ഗംഗ ശങ്കരൻ തമ്പിയായി കാണുന്ന നകുലനെ വധിക്കാൻ പോകുന്ന ദിവസം. സ്വയം മറന്ന് നൃത്തം ചെയ്യുന്ന നാഗവല്ലിയുടെ അടുത്തേക്ക് രാമനാഥനെ ( മഹാദേവനെ ) സണ്ണി പറഞ്ഞയയ്ക്കുമ്പോൾ മഹാദേവന്റെ ഹൃദയമിടിപ്പിനേക്കാൾ ഏറെ പ്രേക്ഷന്റെ ചങ്കിടിയ്ക്കുന്നുണ്ട്. ഒടുവിൽ നാഗവല്ലിയെ ആവാഹന തട്ടിലേക്ക് തന്ത്രപൂർവ്വം സണ്ണിയും സംഘവും എത്തിക്കുന്നു. കഥ ഇവിടെ സ്റ്റക്ക് ആവുകയാണ്. നാഗവല്ലി എങ്ങനെയാണ് ശങ്കരൻ തമ്പിയെ കൊല്ലുക? സണ്ണി പറഞ്ഞത് പോലെ ഗംഗയോ നകുലനോ, ആരെങ്കിലും ഒരാളുടെ മരണം ഉറപ്പാണ് എന്ന് പറയുന്നിടത്ത്‌ എങ്ങനെയാണ് കാര്യങ്ങൾ നല്ല രീതിയിൽ അവസാനിക്കുക? നകുലൻ ജീവിക്കുകയും വേണം ശങ്കരൻ തമ്പിയെ കൊന്ന് നാഗവല്ലിക്ക് പക തീർക്കുകയും വേണം. നകുലനായും ശങ്കരൻ തമ്പിയായും ആകെയുള്ളത് ഒരു സുരേഷ് ഗോപി മാത്രം. തിരക്കഥ എഴുത്തിൽ വഴി മുട്ടിപ്പോയ സമയമായിരുന്നു അത്. മധു മുട്ടവും ഫാസിലും ഒന്ന് ശങ്കിച്ചു.

1993 ന് മുൻപുള്ള കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സാങ്കേതിക വിദ്യയും ഗ്രാഫിക്സ് മാജിക്കുമൊന്നും മലയാള സിനിമയിൽ അത്രകണ്ട് സാധാരണമല്ലാത്ത കാലം. മാത്രമല്ല, കണ്ടിരിക്കുന്ന പ്രേക്ഷകനെ കൂടി സംഭവിക്കുന്നത് ബോധ്യപ്പെടണമല്ലോ. തലപുകഞ്ഞ് ആലോചിച്ച് കാലങ്ങൾ കഴിച്ചുകൂട്ടിയ മധുമുട്ടത്തിനും ഫാസിലിനും മുന്നിലേക്ക് ഒരു ദിവസം സാക്ഷാൽ സുരേഷ് ഗോപി തന്നെ ചെന്നു. നെഞ്ചിൽ കൈ വച്ച് ഒരു കറക്കുകറക്കി ചോദിച്ചു. ‘ഒരു പലക വച്ച് അപ്പുറവും ഇപ്പുറവും കിടത്തി കറക്കിയാൽ പോരെ ?’ അതെ , അന്ന് സുരേഷ് ഗോപി പറഞ്ഞ ആ വാക്കുകൾ തന്നെയാണ് ഇന്നും പ്രേക്ഷകർ മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ക്ലൈമാക്സിൽ നെഞ്ചിടിപ്പോടെ കണ്ട് തീർക്കുന്ന ആ രംഗത്തിലേക്ക് എത്തിച്ചത്.

ക്ലൈമാക്സ് മാത്രമല്ല, മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഓരോ രംഗങ്ങളും കഥാപാത്രങ്ങളും പാട്ടുകളും ലൊക്കേഷനുകളും എല്ലാം ഇങ്ങനെ അപ്രതീക്ഷിതമായി എഴുത്തുകാരന്റേയും സംവിധായകന്റേയും മുന്നിലേക്ക് എത്തിച്ചേരുകയായിരുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമ പുറത്തിറങ്ങി 30 വർഷമാകുമ്പോഴും ഇന്നും പുതുമ നഷ്ടപ്പെടാതെ ശരാശരി മലയാളി ആസ്വദിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. അടുത്ത സീൻ എന്തെന്ന് കാണാപാഠമാണെങ്കിലും ആകാംഷയ്ക്ക് കുറവില്ലാതെ സ്ക്രീനിന് മുന്നിൽ പിടിച്ചിരുത്തുന്ന ഒരു ആകർഷണീയതയുണ്ട് ആ ചിത്രത്തിന്. പിൽക്കാലത്ത് മണിച്ചിത്രത്താഴ് എന്ന സിനിമയുണ്ടായതിന്റെ കഥ ഫാസിൽ തന്റെ ‘മണിച്ചിത്രത്താഴും മറ്റ് ഓർമകളും’ എന്ന പുസ്തകത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയും ചെയ്തിരുന്നു.

തൃപ്പൂണിത്തുറ ഹിൽ പാലസും തക്കല പത്മനാഭപുരം പാലസും തമിഴ്നാട്ടിലെ വാസൻ ഹൗസുമൊക്കെയാണ് നമ്മൾ കാണുന്ന മാടമ്പള്ളി തറവാട്. ഇന്നസെന്റിന്റെ കഥാപാത്രം കുട മറന്നുവയ്ക്കുന്ന പൂമുഖം ഹിൽപാലസും നാഗവല്ലി നൃത്തം ചെയ്യുന്ന സ്ഥലം പത്മനാഭപുരം പാലസും കാരണവരേയും നാഗവല്ലിയേയും കുടിയിരുത്തിയ തെക്കിനി വാസൻ ഹൗസുമാണ് എന്നറിയുമ്പോഴാണ് കഥയുടേയും കഥയ്ക്ക് പിന്നിലെ സംഭവങ്ങളുടേയും കൗതുകം പൂർണമാവുക. 1993-ലെ ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയ പുരസ്കാരവും മണിച്ചിത്രത്താഴിലൂടെ ലഭിച്ചു. പല ഭാഷകളിലേക്കും ചിത്രം റീമേക് ചെയ്യപ്പെട്ടുവെങ്കിലും മണിച്ചിത്രത്താഴിന്റെ തട്ട് എന്നും താണ് തന്നെ ഇരിക്കും. അതിന് പങ്കുവഹിച്ചത് ചിത്രത്തിലെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അഭിനേതാക്കൾ തന്നെയാണ്. ഗംഗയ്ക്കും നകുലനും സണ്ണിയ്ക്കും മാത്രമല്ലാതെ ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രാധാന്യം നൽകികൊണ്ട് അവതരിപ്പിച്ച സംവിധായകനും അണിയറ പ്രവർത്തകർക്കുമുള്ളതാണ് അതിനുള്ള ക്രെഡിറ്റ്‌.

മണിച്ചിത്രത്താഴ് റിലീസ് ചെയ്തിട്ട് 30 വർഷമാവുന്നു. ഒരുപാട് തവണ ടെലിവിഷനിലൂടെ കണ്ടിട്ടുണ്ടെങ്കിലും മണിച്ചിത്രത്താഴിനെ ആർക്കും മടുക്കുന്നില്ല എന്നതാണ് സത്യം. ഇതിനുള്ള നേർസാക്ഷ്യമായിരുന്നു തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ കേരളീയം 2023-നോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി സം​ഘടിപ്പിച്ച ചലച്ചിത്രമേളയിൽ കാണാൻ കഴിഞ്ഞത്. മലയാള ക്ലാസിക് ചിത്രങ്ങളുടെ പ്രദർശനത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച മണിച്ചിത്രത്താഴിന്റെ ഷോയ്ക്ക് ആയിരങ്ങളായിരുന്നു ഒഴുകിയെത്തിയത്. കനത്ത മഴയെ അവ​ഗണിച്ച്, ഇരിക്കാൻ സീറ്റ് പോലും ലഭിക്കാതെ നിലത്തിരുന്ന് മലയാളികൾ മണിച്ചിത്രത്താഴ് വീണ്ടും വെള്ളിത്തിരയിൽ കണ്ടു. സ്ക്രീനിൽ പ്രിയതാരങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ ഏറ്റവും പുതിയ തിയേറ്റർ റിലീസ് ചിത്രമെന്നപോലെ ആസ്വാദകർ വിസിലടിച്ചു, കരഘോഷം മുഴക്കി. ഇതാണ് ഒരു സിനിമയുടെ യഥാർത്ഥ വിജയം. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷക മനസ്സിനെ താഴിട്ട് പൂട്ടി താക്കോൽ ഭദ്രമാക്കി വച്ചിരിക്കുകയാണ്. ആ തെക്കിനി തുറന്ന് ഇനിയൊരിക്കലും ഒരു സിനിമയ്ക്കും അകത്ത് കടക്കാൻ കഴിയാത്ത വിധത്തിൽ മണിച്ചിത്രത്താഴിട്ട് പൂട്ടി.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...