പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെര്‍യൂജിയും ഭാര്യ വഹിദേ മൊഹമ്മദിഫറിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സ്വന്തം വീട്ടില്‍ വച്ച് അജ്ഞാതസംഘം ദാരിഷിനേയും ഭാര്യയേയും കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇറാനിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ദാരിയുഷും ഭാര്യ വഹിദേ മൊഹമ്മദിഫറിനേയും അക്രമികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥനായ ഹൊസൈന്‍ ഫസേലിയെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ വാർത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ദി കൗ, ദി പിയര്‍ ട്രീ മുതലായ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ സംവിധായകനാണ് 83 വയസുകാരനായ മെര്‍യൂജി.
ടെഹ്‌റാന് അടുത്തുള്ള ഫ്‌ളാറ്റില്‍ ദമ്പതികള്‍ മരിച്ചുകിടക്കുന്നതായി ഇവരുടെ മകൾ മോന മെര്‍യൂജിയാണ് ആദ്യം കണ്ടത്. ഉടനടി തന്നെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച കുടുംബത്തെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു മോന. നിയോ റിയലിസ്റ്റ് ചലച്ചിത്രങ്ങളിലൂടെ 1970കളുടെ തുടക്കത്തില്‍ ഇറാനിയന്‍ ചലച്ചിത്ര രംഗത്ത് നവതരംഗം സൃഷ്ടിച്ച ചലച്ചിത്രകാരനാണ് അദ്ദേഹം.
1971 ലെ വെനിസ് ചലച്ചിത്രോത്സവത്തില്‍ മെര്‍യൂജിയുടെ കൗ എന്ന ചിത്രം ഫിപ്രെസി അന്താരാഷ്ട്ര ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയിരുന്നു. അദ്ദേഹത്തിന്റെ ടു സ്റ്റേ അലൈവ് ചിക്കാഗോ ചലച്ചിത്രോത്സവത്തില്‍ സില്‍വര്‍ ഹ്യൂഗോയും ദി പിയര്‍ ട്രീ എന്ന ചലച്ചിത്രം സെബാസ്റ്റ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ സിഷെലും നേടിയിട്ടുണ്ട്. മാത്രമല്ല, ചലച്ചിത്രങ്ങളുടെ സെന്‍സര്‍ഷിപ്പിനെതിരെ തന്റെ ജീവിതകാലത്തുടനീളം പ്രതിഷേധിച്ചിരുന്ന അദ്ദേഹം ടെഹ്‌റാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ നിത്യവിമര്‍ശകരില്‍ ഒരാൾ കൂടിയായിരുന്നു. എന്നാൽ തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന സൂചന കഴിഞ്ഞ ദിവസം ദാരിയുഷിന്റെ ഭാര്യ സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.