മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള സിനിമ ഗംഭീര വിജയമാണ് നേടിയത്. 18 കൊല്ലം മുൻപ് നടന്ന യഥാർത്ഥ സംഭവമാണ് ചിത്രത്തിന് ആധാരമായത്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം വൻ വിജയമാണ് നേടിയത്. ചിത്രത്തിൽ സുഹൃത്ത് കുഴിയിൽ വീണത് പൊലീസിനെ അറിയിക്കാൻ പോയ കൂട്ടുകാരെ പൊലീസ് തല്ലുന്നതായി കാണിക്കുന്നുണ്ട്. ഇത് ശരിക്കും സംഭവിച്ചതാണെന്ന് യഥാർത്ഥ മഞ്ഞുമ്മൽ സംഘവും വിവിധ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സംഘം വിനോദയാത്രയ്ക്ക് കൊടൈക്കനാലിൽ എത്തിയപ്പോൾ തമിഴ്നാട് പൊലീസ് അവരോട് അപമര്യാദയായി പെരുമാറിയോ എന്നറിയാൻ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്‌നാട് ആഭ്യന്തര വകുപ്പ്. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നൽകി.
അതേ സമയം സിനിമയിൽ അന്ന് മഞ്ഞുമ്മൽ സംഘം നേരിട്ട പീഡനത്തിൻറെ ചെറിയ ഭാഗം മാത്രമാണ് കാണിച്ചത് എന്നാണ് പരാതിക്കാരനായ വി ഷാജു എബ്രഹാം പറയുന്നത്. എന്നാൽ സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ടതിനാൽ ഇനി കേസിന് താൽപ്പര്യമില്ലെന്നും ആരെയും കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കാൻ താൽപ്പര്യമില്ലെന്നും മഞ്ഞുമ്മൽ ബോയ്സ് സംഘത്തിലെ സിജു ഡേവിഡ് ( സിനിമയിൽ കുട്ടൻ ) മാധ്യമങ്ങളോട് പറഞ്ഞു. ചിദംബരമാണ് സിനിമയുടെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ആഗോളതലത്തിൽ 240.59 കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിൻറെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.