ലോകകപ്പിൽ വിജയ തേരോട്ടം തുടർന്ന് ഇന്ത്യ. ലോകകപ്പിലെ നാലാം മത്സരത്തിൽ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടർച്ചയായ നാലാം ജയം സ്വന്തമാക്കിയത്. ബംഗ്ലദേശ് ഉയർത്തിയ 257 റൺസ് വിജയലക്ഷ്യം 41.3 ഓവറിൽ ഇന്ത്യ മറികടന്നു. സെഞ്ചുറി നേടിയ വിരാട് കോലി (97 പന്തിൽ 103*), അർധസെഞ്ചറി നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ (55 പന്തിൽ 53), ക്യാപ്റ്റൻ രോഹിത് ശർമ (40 പന്തിൽ 48), കെ.എൽ.രാഹുൽ (34 പന്തിൽ 34*) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് നാലാം വിജയം സമ്മാനിച്ചത്. 42–ാം ഓവറിലെ മൂന്നാം പന്തിൽ വിജയത്തിലേക്ക് രണ്ടു റൺസ് മാത്രം ആവശ്യമായിരിക്കെ സിക്സർ പറത്തിയാണ് കോലി വിജയം കുറിച്ചത്. ഇതോടെ ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിയും കോലി തികച്ചു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 256 റൺസെടുത്തത്. 82 പന്തിൽ 66 റൺസെടുത്ത ലിറ്റൻ ദാസാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. എന്നാൽ ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും അതു മുതലെടുക്കാൻ പിന്നാലെയെത്തിയ ബംഗ്ലാദേശ് ബാറ്റർമാർക്ക് കഴിഞ്ഞില്ല.
46 പന്തിൽ 38 റൺസെത്ത മുഷ്ഫിഖർ റഹീമും മഹ്മൂദുല്ലയുമാണ് (36 പന്തിൽ 46) ബംഗ്ലാദേശ് മധ്യനിരയിൽ തിളങ്ങിയത്. ബംഗ്ലാദേശ് സ്കോർ 200 പിന്നിട്ടതിനു പിന്നാലെ മുഷ്ഫിഖറിനെ ജസ്പ്രീത് ബുമ്ര രവീന്ദ്ര ജഡേജയുടെ അടുത്തെത്തിച്ചു. 50–ാം ഓവറിലെ ആദ്യ പന്തിൽ മഹ്മൂദുല്ലയെ ബുമ്ര ബോള്‍ഡാക്കി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ഷാര്‍ദൂൽ ഠാക്കൂറും കുൽദീപ് യാദവും ഓരോ വിക്കറ്റും നേടുകയും ചെയ്തു.