ഏകദിന ലോകകപ്പ് ലീഗ് റൗണ്ടിലെ ഒൻപത് മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ സെമിയിലേക്ക്. അവസാന മത്സരത്തിൽ നെതർലൻഡ്സിനെ 160 റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. ന്യൂസിലൻഡാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. ദീപാവലി വെടിക്കെട്ട് സമ്മാനിച്ച ശ്രേയസ്സ് അയ്യരുടെയും കെ.എൽ. രാഹുലിന്റെയും തകർപ്പൻ സെഞ്ചുറിയുടെയും ബലത്തിൽ ഇന്ത്യ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 410 റൺസാണ് നേടിയത്.
മറുപടി ബാറ്റിങ്ങിൽ ഡച്ച് ടീം 47.5 ഓവറിൽ 250 റൺസിന് ഓൾ ഔട്ടായി. നെതർലൻഡ്സിനായി അവസാനം വരെ പൊരുതിയ തേജ നിദമണുരു അർധ സെഞ്ചുറി നേടി ടീമിന്റെ ടോപ് സ്കോററായി. 39 പന്തിൽ 54 റൺസാണ് തേജയെടുത്തത്. ഓപ്പണർ വെസ്ലി ബരേസി (അഞ്ച് പന്തിൽ നാല്), മാക്സ് ഒഡൗഡ് (42 പന്തിൽ 30), കോളിൻ അക്കർമാനും (32 പന്തിൽ 35) നന്നായി ചെറുത്തുനിന്ന മാക്സ് ഓ ഡൗഡും (42 പന്തിൽ 30 റൺസ്), സ്കോട്ട് എഡ്വേഡ്സ് (30 പന്തിൽ 17) ബാസ് ഡീ ലീഡ് (21 പന്തിൽ 12),ഏഞ്ചൽ ബ്രെറ്റ് (80 പന്തിൽ 45), ലോഗാൻ വാൻ ബീക് (15 പന്തിൽ 16), വാൻ ഡെർ മാർവെ (എട്ടു പന്തിൽ 16), ആര്യൻ ദത്ത് (11 പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജദേജ, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും കോലി, രോഹിത്ത് ശർമ എന്നിവർ ഒരു വിക്കറ്റ് വീതവും നേടി. അതേസമയം ഈ ലോകകപ്പിലെ ഉയർന്ന സ്കോറാണ് ഇന്ത്യ ഇന്ന് കുറിച്ചത്. 94 പന്തിൽ 128 റൺസുമായി ശ്രേയസ്സ് പുറത്താകാതെ നിന്നു. അഞ്ചു സിക്സും 10 ഫോറുമടങ്ങുന്നതാണ് ശ്രേയസ്സിന്റെ ഇന്നിങ്സ്. 84 പന്തിലാണ് താരം സെഞ്ച്വറി കുറിച്ചത്. താരത്തിന്റെ കരിയറിലെ നാലാം ഏകദിന സെഞ്ചുറി കൂടിയാണിത്.