ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അമ്പതാം സെഞ്ചുറി തികച്ച് വിരാട് കോഹ്ലി. ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറിനെയാണ് കോഹ്ലി മറികടന്നത്. 106 പന്തുകളിലാണ് താരം അമ്പതാം സെഞ്ചുറി നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സറും അടങ്ങുന്ന ഇന്നിങ്സോടെ കോഹ്ലി അമ്പതാം സെഞ്ചുറി തികച്ചു. മാത്രമല്ല, ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്
അതേസമയം, കോഹ്ലി അമ്പതാം സെഞ്ചുറി തികയ്ക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. നേരത്തെ ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് ഇതോടെ പഴങ്കഥയായത്. 452 ഇന്നിങ്സുകളില്‍ നിന്നാണ് സച്ചിന് 49 ഏകദിന സെഞ്ച്വറി നേടിയത്. എന്നാല്‍ വെറും 279 ഇന്നിങ്സില്‍ നിന്നാണ് കോലി 50ാം ഏകദിന സെഞ്ചുറി എന്ന നേട്ടത്തിലേക്ക് എത്തിയത്. കൂടാതെ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പിൽ കൂടുതൽ തവണ 50-ന് മുകളിൽ സ്കോർ ചെയ്ത താരമെന്ന റെക്കോഡും കോഹ്ലിയുടെ പേരിലായി.
എട്ടാം തവണയാണ് കോഹ്ലി 50 കടക്കുന്നത്. ഇതിന് മുൻപ് ഏഴു തവണ 50 കടന്ന സച്ചിൻ തെണ്ടുൽക്കർ, ഷാക്കിബ് അൽ ഹസ്സൻ എന്നിവരുടെ റെക്കോഡാണ് കോഹ്ലി മറികടന്നത്. കൂടാതെ ഏകദിന റൺ നേട്ടത്തിൽ മുൻ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റൺസ് മറികടന്ന് മൂന്നാം സ്ഥാനത്തേക്കും വിരാട് കോഹ്ലി എത്തി. കോഹ്ലിക്ക് മുന്നിൽ കുമാർ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനിയുള്ളത്.