ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനോടും തോറ്റ ശ്രീലങ്ക സെമി കാണാതെ പുറത്തായി. മൂന്നു വിക്കറ്റിനാണ് ശ്രീലങ്ക ബംഗ്ലാദേശിനോട് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറിൽ 279 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 41.1 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു.
നിലവിൽ എട്ടു മത്സരങ്ങളിൽ നിന്ന് രണ്ടു ജയവുമായി എട്ടാം സ്ഥാനത്താണ് ശ്രീലങ്ക. ബംഗ്ലാദേശിനായി ക്യാപ്റ്റൻ ഷാകിബുൽ ഹസനും നജ്മുൽ ഹൊസൈൻ ഷാന്‍റോയും അർധ സെഞ്ചുറി നേടി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 169 റൺസ് കൂട്ടുകെട്ടാണ് ടീമിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. 65 പന്തിൽ 82 റൺസെടുത്ത ഷാകിബ്, അഞ്ജലോ മാത്യൂസിന്‍റെ പന്തിൽ അസലങ്കക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. മാത്യൂസ് അടുത്ത ഓവറിൽ 101 പന്തിൽ 90 റൺസെടുത്ത ഷാന്‍റോയെയും ബൗൾഡാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ചരിത് അസലങ്ക നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് 279 റൺസിലെത്തിയത്. 105 പന്തിൽ അഞ്ചു സിക്സും ആറു ഫോറുമടക്കം 108 റൺസാണ് അസലങ്ക നേടിയത്. ഓപ്പണറായ പതും നിസങ്ക 36 പന്തിൽ 41 റൺസും സദീര സമരവിക്രമ 42 പന്തിൽ 41 റൺസും നേടി പുറത്തായി.
അതേസമയം മത്സരത്തിനിടയിൽ ഒരു അപൂർവ ഔട്ടാകലിനും ക്രിക്കറ്റ് ലോകം ആദ്യമായി സാക്ഷ്യം വഹിച്ചു. ഒരു പന്തുപോലും നേരിടാതെ നാടകീയമായാണ് ശ്രീലങ്കൻ ഓൾറൗണ്ടർ അഞ്ജലോ മാത്യൂസ് പുറത്തായത്. താരം ക്രീസിലെത്താൻ വൈകിയതിനെ തുടർന്നായിരുന്നു അമ്പയർ ഔട്ട് വിധിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ട് രീതിയിൽ പുറത്താകുന്ന ബാറ്റർ എന്ന റെക്കോഡ് ഇതോടെ മാത്യൂസിന്‍റെ പേരിലായി. ഹെൽമെറ്റ് മാറിപോവുകയും ശരിയായ ഹെൽമെറ്റ് എടുത്ത് വരാൻ വൈകിയതുമാണ് ടൈംഡ് ഔട്ട് ആവാൻ കാരണം.