ഏകദിന ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്ക് മിന്നും വിജയം. 134 റൺസിനാണ് മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ പ്രോട്ടീസ് തരിപ്പണമാക്കിയത്. ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റിന് 311 റൺസ് എടുത്തു. ഓസ്ട്രേലിയ 40.5 ഓവറിൽ 177 റൺസിന് ഔൾ ഔട്ട്.
അതേസമയം ഓസീസിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യയോടും ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കക്ക് ഇത് രണ്ടാം ജയമാണ്. മാർനസ് ലബുഷെയ്നാണ് ഓസീസ് ടീമിലെ ടോപ് സ്കോറർ. 74 പന്തിൽ 46 റൺസെടുത്താണ് മാർനസ് പുറത്തായത്. മറ്റു ബാറ്റർമാർക്കൊന്നും ദക്ഷിണാഫ്രിക്കയുടെ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 311 റൺസെടുത്തത്. മാത്രമല്ല, ഓപ്പണർ ക്വിന്റൻ ഡി കോക്ക് ലോകകപ്പിലെ തന്റെ രണ്ടാമത്തെ സെഞ്ചുറി നേടിയതും ടീമിനെ ഇരട്ടി സന്തോഷത്തിലാക്കി. 106 പന്തുകൾ നേരിട്ട താരം 109 റൺസെടുത്താണ് പുറത്തായത്. എട്ട് ഫോറുകളും അഞ്ച് സിക്സും താരം ടീമിനായി നേടി.