യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തിൽ എത്തുന്ന ഫൈറ്റർ സിനിമയ്ക്ക് പ്രദർശന വിലക്ക്. ഇവിടങ്ങളിലെ സെൻസറിൽ ഫൈറ്റർ പരാജയപ്പെട്ടുവെന്നാണ് വിവരം. എന്നാൽ ഏത് കാരണത്താലാണ് പ്രദർശന വിലക്ക് എന്ന് വ്യക്തമല്ല. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സിദ്ധാർഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. പഠാൻ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രം ഇന്ത്യൻ എയർഫോഴ്സിന്റെ കഥയാണ് പറയുന്നത്. മിർമാക്സ്, വയകോം 18 എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. അനിൽ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈറ്ററിൽ സഞ്‍ജീദ ഷെയ്‍ക്കും നിർണായക വേഷത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഫൈറ്ററിന്റെ റിലീസിന് മാത്രം 3.7 കോടിയിലധികം ടിക്കറ്റ് ബുക്കിംഗിൽ നിലവിൽ ലഭിച്ചിച്ചിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്.
250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിശാൽ-ശേഖർ സംഗീതം. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഷംഷേർ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഫൈറ്ററിൽ ഹൃത്വിക് റോഷൻ അവതരിപ്പിക്കുന്നത്. എയർഫോഴ്സ് ഉദ്യോഗസ്ഥയായിട്ടാണ് ദീപിക പദുകോൺ എത്തുന്നത്.