സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഹോം എന്ന ചിത്രത്തെ അവഗണിച്ചതിൽ വിവാദം ഉയരുന്നു. വിജയ് ബാബുവിന്റെ നിർമാണത്തിൽ റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരു വിഭാഗത്തിലും പുരസ്‌കാരത്തിന് അർഹമായില്ല. വിജയ് ബാബുവിനെതിരായ പീഡന പരാതിയെ തുടർന്നാണോ ഈ ഒഴിവാക്കൽ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഹോമിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസിന് നൽകാത്തതിൽ പരോക്ഷ വിമർശനം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സിനിമാ താരം രമ്യാ നമ്പീശനടക്കം മറ്റ് ചിലരും ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വരികയുണ്ടായി. ഇതിനെല്ലാം വരുന്ന കമന്റുകളിലും പ്രതിഷേധം തന്നെയാണുള്ളത്.
അവാർഡ് ജൂറി അധ്യക്ഷൻ സയ്യിദ് അക്തറിനോട് ഇതെക്കുറിച്ചുള്ള ചോദ്യത്തിന് താൻ യാതൊരു വിധത്തിലുള്ള ഇടപെടലുകൾക്കും സ്വാധീനിക്കപ്പെട്ടിട്ടില്ലെന്നും വിജയ് ബാബുവിനെതിരായ കേസിനെക്കുറിച്ച് ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം ഹോം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഇടം ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന് നടൻ ഇന്ദ്രൻസ് പ്രതികരിച്ചു. ജനപ്രിയ ചിത്രമായി തെരെഞ്ഞെടുത്ത ഹൃദയത്തോടൊപ്പം ഹോം കൂടി ചേർത്ത് വയ്ക്കാമായിരുന്നെന്നാണ് ഇന്ദ്രൻസ് പറയുന്നത്.
‘തനിക്ക് അവാർഡ് ലഭിക്കാത്തതിൽ അങ്ങനെ വിഷമമൊന്നുമില്ല. അവാർഡ് കിട്ടിയതൊക്കെ വേണ്ടപ്പെട്ട സുഹൃത്തുക്കൾക്കാണ്. അവരുടെ സിനിമകളുടെ ആരധകനാണ് ഞാൻ. അവർക്ക് കിട്ടിയതും എനിക്ക് വലിയ സന്തോഷം. അവാർഡ് എനിക്ക് കിട്ടിയത് പോലെ തന്നെയാണ്.’ അവാര്‍ഡ് നൽകാത്തതിന് കാരണം ഉണ്ടാകാമെന്നും വിജയ് ബാബുവിനെതിരായ കേസ് കാരണമായെങ്കിൽ വിജയ് ബാബു നിരപരാധിയെന്ന് തെളിഞ്ഞാൽ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.