ഷെയ്ൻ നിഗത്തിന് വിലക്ക് ഏർപ്പെടുത്തുന്നതിന് കാരണമായ ഇ-മെയിലിന്റെ പകർപ്പ് പുറത്തായി. സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന ഷെയ്ൻ ഇ-മെയിലിൽ പറയുന്നു.
ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നും ഇ-മെയിലിൽ പറയുന്നു. ഈ മെയിലാണ് ഷെയ്ൻ നിഗത്തിനെതിരായ പരാതിയിലേക്ക് എത്തിയത്. ഷെയ്ൻ പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച ഇ മെയിലാണ് പുറത്തുവന്നത്.
അതേസമയം, താര സംഘടനയായ അമ്മ സംഘടനയിൽ അംഗത്വം നേടാൻ സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകി. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകൾ സംബന്ധിച്ചും അഭിനേതാക്കൾ കരാർ ഒപ്പിടാൻ നിർമ്മാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ധാരണയായിരുന്നു. എന്നാൽ താൻ അമ്മയിൽ അംഗമല്ല എന്ന കാരണം പറഞ്ഞ് ശ്രീനാഥ് ഒഴിഞ്ഞ് മാറിയതായും പരാതികൾ ഉയർന്നിരുന്നു. കലൂരിൽ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. ഇത്തവണത്തെ വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു.