ബിഗ് ബോസില്‍ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ.
നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെയ്പ്പിക്കാമെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം എ അബ്ദുൾ ഹഖിം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. മോഹന്‍ലാലിനും ഡിസ്നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നൽകി. ഈ മാസം 25 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും.
1995ലെ ടെലിവിഷൻ നെറ്റ്വർക്കുകൾ (റെഗുലേഷൻ) നിയമപ്രകാരം അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ആക്രമണം സംപ്രേക്ഷണം ചെയ്യുന്നതിനും നിരോധനമുണ്ട്. ഇത്തരത്തിലുള്ള പരിപാടികൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.