കാൻ ചലച്ചിത്ര മേളയിൽ പങ്കെടുത്ത നടി കനി കുസൃതിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ‘ബിരിയാണി’ സിനിമയുമായി ബന്ധപ്പെട്ട് നടി കനി കുസൃതിയുടെ പ്രസ്താവനയെയാണ് ഹരീഷ് പേരടി രൂക്ഷമായി വിമർശിച്ചത്. ബിരിയാണി എന്ന സിനിമ ചെയ്തത് ജീവിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞ കനി, ആ സിനിമയിലൂടെ ലഭിച്ച സംസ്ഥാന അവാർഡും വേണ്ടെന്ന് വയ്ക്കണമായിരുന്നു. കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനെയും കുപ്പ തൊട്ടിയിൽ തള്ളിയ അവസ്ഥയായി ഇപ്പോഴെന്നും ഹരീഷ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.
“രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി ‘ബിരിയാണി’ എന്ന സിനിമ ചെയ്തു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നൂറ്റിയൊന്ന് ശതമാനവും ഉൾക്കൊള്ളുന്നു. പക്ഷേ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ‘ബിരിയാണി’ എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിൻ്റെ പേരിലായിരുന്നു? കടുത്ത രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വയ്ക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം..അഥവാ രാഷ്ട്രീയ ബോധം. അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിൻ്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു.
ഇതിപ്പോൾ കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ട് ‘ബിരിയാണി’ എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനെയും കുപ്പത്തൊട്ടിയിൽ തള്ളിയതുപോലെയായി. നീതി ബോധമുള്ള മനുഷ്യരും ഇന്ത്യൻ ഭരണഘടനയും അന്തസോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രീയം, പണവും പ്രശ്സതിയും നിറയ്ക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല. ആശംസകൾ” എന്നാണ് ഹരീഷ് പേരടി കുറിച്ചത്. അധികം വൈകാതെ ഹരീഷിന്റെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തു.