ദേശീയ പുരസ്കാരം തേടിയെത്തിയതിനോടൊപ്പം ഇന്ന് തന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയാണ് സൂര്യ. സമൂഹമാധ്യമങ്ങളിൽ എല്ലാം ആരാധകർ സ്നേഹം വാരിച്ചൊരിയുകയാണ്. സൂര്യയുടെ വിജയത്തെ ‘മികച്ച ജന്മദിന സമ്മാനം’ എന്നാണ് ആരാധകർ വിശേഷിപ്പിച്ചു. മോഹൻ ലാലും മമ്മൂട്ടിയും എല്ലാം താരത്തിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. തമിഴിൽ സൂര്യ മാരൻ എന്ന നായകവേഷം ചെയ്ത ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള പുരസ്കാരം നേടുന്നത്. ട്വിറ്ററിൽ #HBDDearSuriya എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങിൽ ആണ്.
68-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ സൂരറൈ പോട്ര് സംവിധായിക സുധ കൊങ്ങരയും സൂര്യക്ക് ആശംസകളുമായി രംഗത്തെത്തി. നമ്മൾ ജയിച്ചു മാരാ, അവാർഡ് നേടിയതിൽ സന്തോഷമെന്നാണ് സിനിമയിലെ ഡയലോഗ് എഴുതിയ കേക്കിന്റെ ചിത്രത്തിനൊപ്പം സംവിധായിക ട്വിറ്ററിൽ കുറിച്ചത്. മികച്ച നടനുള്ള അവാർഡ് ചിത്രത്തിന്റെ നായകനായ നടൻ സൂര്യ നേടിയപ്പോൾ ചിത്രത്തിലെ നടി അപർണ ബാലമുരളി മികച്ച നടിക്കുള്ള അവാർഡും നേടി.
സൂര്യക്ക് ഇന്നലെ ദേശീയ അവാർഡ് ലഭിച്ചതിന് പിന്നാലെ ഇന്ന് നാൽപ്പത്തിയേഴാം പിറന്നാൾ ആഘോഷിക്കുന്നു എന്നതാണ് ഇരട്ടി മധുരം. 2020 നവംബറിൽ പുറത്തിറങ്ങിയ സൂരറൈ പോട്ര് മികച്ച തിരക്കഥയ്ക്കും മികച്ച സംഗീത സംവിധായകനുമുള്ള അവാർഡുകൾ ഉൾപ്പെടെ നാല് അവാർഡുകൾ നേടിയിട്ടുണ്ട്. ജി വി പ്രകാശ് കുമാറായിരുന്നു സൂരറൈ പോട്രുവിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. തന്റെ ഹോം ബാനറായ 2ഡി എന്റർടെയ്ൻമെന്റിൽ നടൻ സൂര്യ തന്നെയാണ് ചിത്രം നിർമ്മിച്ചത്. നടൻ അക്ഷയ് കുമാറിനെ നായകനാക്കി സൂരറൈ പോട്ര് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിൽ താൻ അതിഥി വേഷത്തിൽ എത്തുമെന്ന് സൂര്യ സ്ഥിരീകരിച്ചിരുന്നു.