ഇറാൻ ദേശീയ വനിത ടീം സ്‌ട്രൈക്കറായ ഹജർ ദബാഗി ഇനി ഗോകുലം കേരള എഫ്.സിക്കായി ബൂട്ടണിയും. ഇറാനിയൻ ക്ലബ് സെപഹാൻ എസ്ഫഹാനുമായുള്ള അഞ്ചു വർഷത്തെ മികച്ച സേവനത്തിനു ശേഷമാണ് താരം ഗോകുലത്തിൽ ചേരുന്നത്. അഞ്ച് വർഷത്തെക്കുള്ള കരാറാണ് ക്ലബ്ബുമായി ഒപ്പിട്ടിരിക്കുന്നത്.
ദബാഗി ഇനി ഒരു ‘മലബാറി’യാണ്. ടീമിന്റെ ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടാനായി ഇറാനിയൻ ഗോൾ സ്‌കോറർ ഹാജർ ദബാഗിയുമായി ഗോകുലം കേരള എഫ്സി കരാർ ഒപ്പിട്ടിരിക്കുന്നു. ഇറാനിയൻ ലീഗിൽ നൂറിലേറെ ഗോൾ സ്‌കോർ ചെയ്ത ദബാഗിയ്ക്ക് സ്വാഗതം എന്ന് ഗോകുലം കേരള എഫ് സി എക്‌സിൽ കുറിച്ചു.
അതേസമയം ഇറാനിയൻ ലീഗിൽ നൂറിലധികം ഗോളുകൾ നേടിയ ദബാഗിയുടെ ആദ്യ വിദേശ ക്ലബാണ് ഗോകുലം. കൂടാതെ അറ്റാക്കിങ് മിഡ്‌ഫീൽഡർ, സെക്കൻഡ് സ്‌ട്രൈക്കർ എന്നീ റോളുകളിൽ മികവു പുലർത്താനും ദബാഗിക്ക് കഴിയും. ദേശീയ ടീമിനായി 60 മത്സരങ്ങളിൽനിന്ന് 24 അന്താരാഷ്ട്ര ഗോളുകളാണ് ദബാഗി നേടിയിട്ടുള്ളത്.