ഗൾഫ് ചലച്ചിത്ര മേളയുടെ നാലാം പതിപ്പിന് റിയാദിൽ തുടക്കമായി. ചലച്ചിത്ര രംഗത്തെ പ്രഗല്ഭരുടെ സാന്നിധ്യത്തിലാണ് മേളക്ക് തുടക്കം കുറിച്ചത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഡയലോഗ് സെഷനുകളും പരിശീലന ശിൽപശാലകളുമടക്കം വിവിധ പരിപാടികളും അരങ്ങേറുന്നുണ്ട്. ഗൾഫ് സിനിമ നിർമാതാക്കളുടെ 29 വ്യത്യസ്ത സിനിമകളും മേളയിൽ പ്രദർശിപ്പിക്കും.
ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററികൾ, ചെറുകഥകൾ എന്നിവ ഇതിലുൾപ്പെടും. ചലച്ചിത്ര പ്രദർശനങ്ങൾക്ക് പുറമേ മേളയുടെ അജണ്ടയിൽ നിരവധി സെമിനാറുകളും വിവിധ പരിശീലന ശിൽപശാലകളുമുണ്ടാകും. വൈവിധ്യമാർന്ന ഉള്ളടക്കത്തിന് പുറമെ ഒമ്പത് അവാർഡുകൾക്ക് വേണ്ടി നിരവധി ഗൾഫ് ചലച്ചിത്ര പ്രവർത്തകരും മത്സരിക്കുന്നുണ്ട്. ഗൾഫ് സംസ്കാരത്തെ ആഗോള സാംസ്കാരിക രംഗത്തേക്ക് ഉയർത്തിയ സൃഷ്ടികൾ അവതരിപ്പിച്ച അഞ്ച് പ്രമുഖ ഗൾഫ് സിനിമാ പ്രതിഭകളെ മേളയിൽ ആദരിക്കുകയും ചെയ്യും.