54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യന്‍ പനോരമയിലെ ചിത്രങ്ങൾ ഇഷ്ടമുള്ള ഭാഷയിൽ കാണാൻ അവസരം. ഇന്ത്യൻ പനോരമയിലെ തിരഞ്ഞെടുത്ത സിനിമകൾ ഇഷ്ടമുള്ള ഇന്ത്യൻ ഭാഷയിൽ ഡബ്ബിനൊപ്പം കാണാനാണ് സാധിക്കുക. ‘സിനിഡബ്സ്’ എന്ന മൊബൈൽ ആപ്ലിക്കേഷനുമായി സഹകരിച്ചാണ് ചലച്ചിത്രമേളയിൽ പുതിയ സൗകര്യമൊരുക്കിയിരിക്കുന്നത്. നവംബർ 20 മുതൽ 28 വരെയാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കപ്പെടുന്നത്.
ആപ്പിൽ ഡബ്ബ് ലഭ്യമായ ഭാഷകളിൽ ഇന്ത്യൻ പനോരമയിലെ സിനിമകൾ ആസ്വദിക്കാനാകുമെന്ന് മേള ഡയറക്ടർ പ്രധുൽ കുമാറാണ് വ്യക്തമാക്കിയത്. ആദ്യമായാണ് ഇത്തരമൊരു സംവിധാനമേർപ്പെടുത്തുന്നത്. സ്മാർട്ട്ഫോണും ഇയർഫോണും ഉപയോഗിച്ച് തിയേറ്റർ പ്രദർശനത്തിനൊപ്പം സ്വന്തം ഭാഷയിൽ സിനിമ കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
ഇതിനുപുറമെ ഭിന്നശേഷിക്കാർക്കും സുഗമമായി സിനിമ ആസ്വദിക്കാൻ മേളയിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. കാഴ്ച പരിമിതിയുള്ളവർക്കായി പ്രത്യേക ശബ്ദ ലേഖനത്തോടെയും കേൾവി പരിമിതിയുള്ളവർക്കായി പ്രത്യേക ആംഗ്യഭാഷാ വിവരണത്തോടെയും രണ്ട് ഹിന്ദി സിനിമകൾ പ്രദർശിപ്പിക്കും. സമൂഹത്തിലുള്ള എല്ലാവവർക്കും ചലച്ചിത്ര മേള ആസ്വദിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇത്.
270-ലേറെ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മേളയിൽ പ്രദർശിപ്പിക്കുന്നത്. ബ്രിട്ടീഷ് ചിത്രം ക്യാച്ചിങ് ഡസ്റ്റ് ആണ് ഉദ്ഘാടന ചിത്രം. അമേരിക്കൻ സിനിമ ദി ഫെതർവെയ്റ്റ് സമാപന ചിത്രവുമായിരിക്കും. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 45 ചിത്രങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. മലയാള സിനിമയായ ആട്ടം ആണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം. കാതൽ, മാളികപ്പുറം, 2018, ശ്രീ രുദ്രം, പൂക്കാലം, ന്നാ താൻ കേസ് കൊട്, ഇരട്ട ഉൾപ്പടെയുള്ള മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കും.