സോഷ്യൽ മീഡിയ വഴി ടിക്കറ്റ് ബുക്കിങ് നടത്തിയതിന് സൈബർ ആക്രമണം നേരിടുന്നു എന്ന വെളിപ്പെടുത്തലുമായി തൃശ്ശൂരിലെ ഗിരിജ തിയറ്റർ ഉടമ ഡോ. ഗിരിജ. തിയറ്ററിന് നേരെ കടുത്ത ആക്രമണമാണ് ഇപ്പോൾ നേരിടുന്നത്. എന്നാൽ അഞ്ചു വർഷമായി നേരിടുന്ന ഈ അധിക്ഷേപത്തെ പറ്റി പരാതിപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല എന്നും മികച്ച വനിതാ സംരഭക കൂടിയായ ഗിരിജ കൂട്ടിച്ചേർത്തു. ഓൺലൈൻ ബുക്കിങ് സൈറ്റുകൾ വഴിയല്ലാതെ സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയത്തോടെയാണ് ഗിരിജയ്ക്കെതിരെ സൈബർ ആക്രമണം രൂക്ഷമായത്.
2015 മുതലാണ് സൈബർ അറ്റാക്ക് നേരിടാൻ തുടങ്ങിയത്. ഗിരിജയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ പൂട്ടിച്ചായിരുന്നു അക്രമണങ്ങൾക്ക് തുടക്കം. എന്നാൽ വ്യക്തിപരമായ ആക്രമണമാണ് എന്ന് കരുതി വേറൊരു ടീമിന് സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഏൽപ്പിച്ചു. പക്ഷേ അവരുടെ അക്കൗണ്ടും സൈബർ അക്രമികൾ പൂട്ടിച്ചു. പന്ത്രണ്ട് അക്കൗണ്ടുകളാണ് ഇതുപോലെ പൂട്ടിച്ചത്. ഇതുകൊണ്ട് തന്നെ തിയറ്ററിൽ ഏത് സിനിമയാണ് പ്രദർശിപ്പിക്കുന്നതെന്ന് പോലും ജനങ്ങളെ അറിയിക്കാൻ കഴിയുന്നില്ല. സൈബർ അറ്റാക്ക് മാത്രമല്ല, വ്യാജ വാർത്തകളും ഈ അക്രമികൾ പടച്ചുവിട്ടു. ഇതിനെതിരെ സൈബർ സെല്ലിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്സാപ്പും വഴിയാണ് ഡോ. ഗിരിജ ടിക്കറ്റുകൾ വിൽക്കുന്നത്. കൂടാതെ ‘മധുര മനോഹര മോഹം’ എന്ന സിനിമയെ നന്നായി പ്രമോട്ട് ചെയ്ത സമയത്തും ഒരുപാട് അശ്ലീല സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി. എന്നാൽ ഇതിന് പിന്നിൽ ആരാണെന്ന് പൊലീസിനും കണ്ടുപിടിക്കാൻ സാധിക്കുന്നില്ല. ആരും പിന്തുണയ്ക്കുന്നുമില്ല. അതുകൊണ്ട് തന്നെ ചില നിർമാതാക്കൾക്ക് സിനിമ നൽകുവാനും ഭയമാണ്. എന്നാൽ അതിന് ധൈര്യം കാണിച്ചത് പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും മാത്രമാണ്. അവർ വാക്കുകൾ കൊണ്ടും ആത്മവിശ്വാസം തന്നു. ഗിരിജ ആർക്കും ഒരുപദ്രവും ചെയ്യുന്നില്ല. പിന്നെന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നതെന്നും ഡോ. ഗിരിജ ചോദിക്കുന്നു.