അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമനാമം ജപിക്കണമെന്നും ഗായിക കെ എസ് ചിത്ര ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചിത്രയ്ക്കെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു. ഇപ്പോഴിതാ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ. ചിത്രയെ അപമാനിച്ചും അവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും നിരവധി പോസ്റ്റുകൾ കാണാൻ ഇടയായി. ഇത് ഗായികയ്ക്ക് ഇത് ഗായികയ്ക്ക് ഏറെ വിഷമം ഉണ്ടാക്കുന്നതാണെന്ന് വേണുഗോപാൽ പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ എന്ന് വേണുഗോപാൽ ചോദിച്ചു. വൈകുന്നേരം നാല് നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയിൽ പോ, അഞ്ച് നേരം നിസ്ക്കരിക്കെടാ എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിർന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലും ഉണ്ടാവില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ആരും അവരെ ഉപേക്ഷിക്കുകയോ ബന്ധം വേർപെടുത്തുകയോ ചെയ്യാറില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ജി. വേണുഗോപാലിന്റെ കുറിപ്പ്
“കഴിഞ്ഞ അൻപത് വർഷത്തിലേറെയായി കെ.എസ്. ചിത്രയെ അറിയാം. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രയുടേതായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വന്നത് കാണാനിടയായി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പ്രാർഥനാനിരതരാവേണ്ട കാര്യത്തെ കുറിച്ചാണ് വീഡിയോ. ഇതിന്റെ പേരിൽ ആ മഹാഗായികയെ, ആരും സ്നേഹിച്ചു പോകുന്ന ഒരു വ്യക്തിത്വത്തെ അപമാനിച്ചുകൊണ്ടും അവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോൺട്രവേർസികളിലും ഉൾപ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വലിയ സങ്കടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ നാല്പത്തിനാല് വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ല”- വേണുഗോപാൽ കുറിച്ചു
” ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രമാണുള്ളത്. സംഗീതം, ഭക്തി, സാധന, സ്നേഹം, സമഭാവന, ഇതിനപ്പുറമൊന്നും അവരുടെ ചിന്തയിലില്ല. ചിത്ര ചെയ്ത ജോലിയുടെ ആഴവും വ്യാപ്തിയും നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. അവർ പാടിയ ഓരോ പാട്ടിലും തൊണ്ണൂറ് ശതമാനമോ അതിലധികമോ അവർ സംഭാവന ചെയ്തിട്ടുണ്ട്. ശാരീരികമായി വിഷമതകൾ അനുഭവിക്കുമ്പോഴും ഒരു വേദിയിൽ പോലും ചിത്രയുടെ ശബ്ദമിടറി ഞാൻ കേട്ടിട്ടില്ല. ഈ ഭൂമിയിലേക്ക് പാടുക എന്ന കർമ്മം അനുഷ്ഠിക്കാൻ മാത്രം വന്നു ചേർന്ന ഒരു മഹാ പ്രതിഭയാണ് ചിത്ര എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം മാത്രം.”- വേണുഗോപാൽ കൂട്ടിച്ചേർത്തു.