ആരാധകർക്ക് വലിയ സർപ്രൈസുമായി ഉലകനായകൻ കമൽഹാസൻ. പുത്തൻ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ‘കമൽഹാസൻ 237’ എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിലൂടെ യുവ സംഘട്ടന സംവിധായകരായ അൻബറിവ് ടീം സംവിധായകരായി അരങ്ങേറ്റം കുറിയിക്കുകയാണ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലാണ് ചിത്രം നിർമിക്കുന്നത്.
സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ നിർമാതാക്കൾ തന്നെയാണ് പുതിയ ചിത്രത്തിന്റെ വിവരം അറിയിച്ചത്. ‘കഴിവുതെളിയിച്ച രണ്ട് പ്രതിഭകളെ ‘കമൽഹാസൻ 237′-ന്റെ സംവിധായകരായി ചേർക്കുന്നതിൽ അഭിമാനമുണ്ട്. അൻബറിവ് മാസ്റ്റേഴ്സ്, രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിലേക്ക് വീണ്ടും സ്വാഗതം’ – ചിത്രം പ്രഖ്യാപിച്ചുകൊണ്ട് കമൽഹാസൻ എക്സിൽ കുറിച്ചു. ഒരു അനൗൺസ്മെന്റ് വീഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
എന്നാൽ സിനിമയുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമാലോകത്ത് തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ സംഘട്ടന സംവിധായകരാണ് ഇരട്ട സംവിധായകരായ അൻബറിവ് ടീം. കമൽഹാസന്റെ വിക്രം എന്ന ചിത്രത്തിന് ഇരുവരും ചേർന്നാണ് സംഘട്ടന സംവിധാനം നിർവഹിച്ചത്.
കൂടാതെ ലോകേഷ് കനകരാജിന്റെ തന്നെ ലിയോ എന്ന ചിത്രത്തിനും സംഘട്ടനസംവിധാനം നിർവഹിച്ചത് ഇവരായിരുന്നു. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സലാർ ആണ് അൻബറിവ് സംഘട്ടന സംവിധാനം നിർവഹിച്ച് അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. മലയാളത്തിൽ ആർ.ഡി.എക്സ് ആണ് ഇരുവരുടേതായി ഒടുവിൽ വന്ന ചിത്രം.