ഫിഫ നിയമങ്ങൾ ലംഘിച്ച കാരണത്താൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്പെൻഡ് ചെയ്തു. ഇതോടെ അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വമാണ് ഇന്ത്യക്ക് നഷ്ടമാകുക. ഫിഫ കൗൺസിൽ ഏകകണ്ഠമായെടുത്ത തീരുമാനത്തിലാണ് ഇന്ത്യയെ വിലക്കിയത്. വിലക്ക് അവസാനിക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാൻ അനുമതി ഇല്ല.
എഎഫ്സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പ്, എഎഫ്സി കപ്പ്, എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഇന്ത്യൻ ക്ലബ്ബുകൾക്ക് പങ്കെടുക്കാൻ അനുമതിയില്ല. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതി (എഐഎഫ്എഫ്) പിരിച്ചുവിട്ട് ഉടൻ തെരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രിം കോടതിയുടെ നീക്കത്തിനെതിരെ അന്താരാഷ്ട്ര ഫുട്ബാൾ സംഘടന ഫിഫ മുൻപും രംഗത്ത് വന്നിരുന്നു.
ദേശീയ ഫെഡറേഷനുകൾക്ക് അംഗീകാരം നൽകേണ്ടത് തങ്ങളാണെന്നും അതിൽ മറ്റ് ഘടകങ്ങൾ ഇടപെട്ടാൽ വിലക്ക് ഉണ്ടാകുമെന്നും ഫിഫ ഇന്ത്യയെ താക്കീത് ചെയ്തിരുന്നു. ഈ മാസം 28ന് എഐഎഫ്എഫ് തെരഞ്ഞെടുപ്പു നടത്താനായിരുന്നു സുപ്രീം കോടതി വിധി.