പുതിയ ചിത്രങ്ങൾ തിയേറ്റർ ഇളക്കിമറിക്കുമ്പോഴും പ്രതിസന്ധിയൊഴിയാതെ മലയാളം സിനിമാ മേഖല. ഇടയ്ക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതകൾ പരസ്പരം പറഞ്ഞുതീർത്ത് മുന്നേറുന്നതിനിടയിൽ വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. കടുത്ത നിലപാടുമായി തിയേറ്റർ ഉടമകളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായി ഫെബ്രുവരി 22 മുതൽ കേരളത്തിലെ തിയേറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്നാണ് ഫിയോകിന്റെ തീരുമാനം.
തിയേറ്ററിൽ റിലീസ് ചെയ്‌ത് 42 ദിവസത്തിന് ശേഷമേ ഒടിടിയിൽ ചിത്രങ്ങൾ നൽകൂ എന്ന ധാരണ നിർമ്മാതാക്കൾ ലംഘിക്കുന്നുവെന്നാണ് തിയേറ്റർ ഉടമകൾ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ ഇതിനോട് നിർമ്മാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. മുൻപ് ഇതേ ആവശ്യമുന്നയിച്ച് തിയേറ്റർ ഉടമകൾ രംഗത്തെത്തുകയും നിർമ്മാതാക്കൾ ആവരുടെ അവശ്യം അംഗീകരിക്കുകയും ചെയ്തിരുന്നു.
പ്രതിസന്ധി രൂക്ഷമായതിനാൽ ബുധനാഴ്ചയ്ക്കകം ഈ പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ മലയാള ചിത്രങ്ങളുടെ റിലീസ് നിർത്തിവയ്ക്കാനാണ് ഫിയോക്കിൻ്റെ തീരുമാനം. പ്രേമലുവും ഭ്രമയുഗവുമെല്ലാം തിയേറ്ററിനെ അടക്കിവാണുകൊണ്ടിരിക്കുമ്പോഴാണ് കടുത്ത നടപടിയിലേയ്ക്ക് നീങ്ങാൻ ഉടമകൾ തയ്യാറായിരിക്കുന്നത്. വിഷയത്തിൽ നിർമ്മാതാക്കളുടെ നിലപാടെന്താണെന്നറിയാനാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.