രണ്ട് ദിവസം മുൻപാണ് മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന നിലപാടുമായി പി.വി. ആർരംഗത്ത് വന്നത്. മലയാള സിനിമയെ തകർക്കാൻ ശ്രമിക്കുന്ന ഈ നിലപാടിനെതിരെ പ്രതിഷേധവുമായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ രംഗത്ത് വന്നിരിക്കുകയാണിപ്പോൾ. പി.വി. ആർ കൈയൂക്ക് കാണിക്കുകയാണെന്നും പരിഹാരമില്ലെങ്കിൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്നുമാണ് ഫെഫ്ക ഭാരവാഹികള്‍ പ്രസ് മീറ്റില്‍ പറഞ്ഞത്. പുതിയ സിനിമകൾക്കും സംവിധായകർക്കും പി.വി. ആറിന്റെ നീക്കം വലിയ തിരിച്ചടിയാണെന്നും ഫെഫ്ക ചൂണ്ടിക്കാട്ടി.
‘ഒരു തര്‍ക്കത്തെ ഒരു ഏകപക്ഷീയമായ സ്വഭാവം കൊണ്ട് നേരിടാനാണ് പി.വി.ആര് ശ്രമിക്കുന്നത്. സിനിമ നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം പി.വി.ആര് നല്‍കണം. എത്രത്തോളം നഷ്ടം എന്റെ സഹപ്രവര്‍ത്തകര്‍ക്ക് വന്നിട്ടുണ്ടോ, അത് കണക്കാക്കി കൈമാറിയിട്ടല്ലാതെ ഒരു മലയാള സിനിമയും ഇനി പി.വി.ആറിന് നല്കാന് ഞങ്ങള്‍ തയാറാവില്ല’- ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് മലയാള സിനിമയുടെ ബുക്കിങ്ങും പ്രദർശനവും പി.വി. ആർ തിയറ്റർ ശൃംഖല നിർത്തിവെക്കുന്നത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് പി.വി.ആറിൽ സിനിമ പ്രദർശനം നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. തിയറ്ററുകളിൽ ഡിജിറ്റൽ പ്രിന്റ് എത്തിക്കാൻ തിയറ്റർ ഉടമകൾ നൽകുന്ന ഫീസിനോടൊപ്പം തന്നെ നിർമാതാക്കളുടെ കൈയിൽ നിന്നും ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ഫീസ് ഈടാക്കുന്നുണ്ട്.
പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയിൽ താഴെ മാത്രം ചെലവിൽ തിയറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയുമെന്നിരിക്കെ ഉയർന്ന തുക നൽകി സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്താണ് എന്നാണ് നിർമാതാക്കളുടെ സംഘടന ചോദിക്കുന്നത്. ഇതിനെ തുടർന്ന് ഡിജിറ്റൽ കണ്ടന്റ് സംവിധാനം വഴി മലയാളി നിർമാതാക്കൾ മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയതാണ് പി.വി.ആറിനെ ചൊടിപ്പിച്ചത്. ഇതിന്റെ ഭാഗമായി വിഷു റിലീസായി ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ‘ആവേശം’, ‘വർഷങ്ങൾക്ക് ശേഷം’, ‘ജയ് ഗണേഷ്’തുടങ്ങിയ ചിത്രങ്ങൾ പി.വി. ആറിൽ പ്രദർശിപ്പിച്ചില്ല.