ഐപിഎൽ ക്രിക്കറ്റ് ടീം ആയ സൺറൈസേഴ്സ് ഉടമ കാവ്യ മാരനെക്കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. സൺറൈസേഴ്സ് മത്സരങ്ങൾക്കിടെ വിഷമിച്ചിരിക്കുന്ന കാവ്യയുടെ മുഖം കാണാൻ കഴിയുന്നില്ലെന്നാണ് രജനികാന്ത് തമാശ രൂപേണെ പറഞ്ഞത്. കൂടാതെ സൺറൈസേഴ്സ് ടീമിലേക്ക് മികച്ച കളിക്കാരെ പരിഗണിക്കണമെന്ന് കാവ്യയുടെ അച്ഛൻ കലാനിധി മാരന് രജനി ഉപദേശവും നൽകി.
‘ജയിലർ’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു നടന്റെ പ്രതികരണം. ജയിലർ സിനിമയുടെ നിർമ്മാണം കലാനിധി മാരനാണ്. ‘കലാനിധി മാരന്, സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് കുറച്ച് നല്ല കളിക്കാരെ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. ഐപിഎല്‍ മത്സരങ്ങള്‍ കാണുമ്പോള്‍ കാവ്യാ മാരന്റെ വിഷമിച്ചിരിക്കുന്ന മുഖം സ്ക്രീനിൽ തെളിയുന്നത് കാണാൻ വളരെ സങ്കടം തോന്നുന്നു എന്നായിരുന്നു രജനി പറഞ്ഞത്.
ഐപിഎൽ താര ലേലത്തില്‍ സൺറൈസേഴ്സിന്റെ പ്രധാന മുഖമാണ് കാവ്യ മാരൻ. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ടീമിന്റെ മത്സരങ്ങൾ കാണാന്‍ സ്ഥിരമായി കാവ്യ എത്താറുമുണ്ട്. എന്നാൽ ഗാലറിയിൽ വിവിധ ഭാവങ്ങള്‍ മിന്നിമറയുന്ന കാവ്യയുടെ മുഖങ്ങൾ മിക്കപ്പോഴും ട്രോളുകളായും പ്രത്യക്ഷപ്പെടാറുണ്ട്. എന്തായാലും രജനീകാന്തിന്റെ വാക്കുകള്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.