ഏഴരക്കൊല്ലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യമായി നേരിൽ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. തിരുവനന്തപുരത്ത് നടന്ന കേരള ടൂറിസം വകുപ്പ് സംസ്ഥാനതല ഓണാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ്. തിരുവനന്തപുരം പ്രിയനഗരമാണ്. ആദ്യമായി അച്ഛനൊപ്പം ഷൂട്ടിങ്ങിന് വന്നതും വിവാഹം നടന്നതുമൊക്കെ ഇവിടെ വച്ചാണെന്നും ഫഹദ് കൂട്ടിച്ചേർത്തു.
മലയാളസിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് ഞാൻ അടക്കമുള്ള ഈ തലമുറ സഞ്ചരിക്കുന്നത്. അതിന് ഏറ്റവും വലിയ കാരണമായി കാണുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റമാണ്. മാത്രമല്ല ആ മാറ്റത്തിൽ ആദ്യം കാണുന്നത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചയാണെന്നതിൽ സംശയമില്ല.
കേരളത്തിലെ ടൂറിസം വളർന്നപ്പോൾ അതിനോടൊപ്പം തന്നെ വേറെയും ഇൻഡസ്ട്രികൾ വളർന്നു വന്നു. അതിൽ ഏറ്റവും കൂടുതൽ നേട്ടം ലഭിച്ചിട്ടുള്ളത് മലയാള സിനിമയ്ക്കാണ്. കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം എന്നിവ അതിന് ഉദാഹരണമാണ്. കുമ്പളങ്ങി എന്ന സ്ഥലമില്ലെങ്കിൽ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയേ ഉണ്ടാവില്ലായിരുന്നു. ഇടുക്കിയില്ലെങ്കിൽ മഹേഷിന്റെ പ്രതികാരമോ കുട്ടനാടില്ലെങ്കിൽ ആമേനോ ഇല്ല. ഇത്രയും സ്ഥലങ്ങൾ മലയാളക്കരയിലുള്ളപ്പോൾ തീർച്ചയായും മലയാളത്തിന്റെ കഥ തന്നെയാണ് പറയേണ്ടതെന്ന് ഒരുപാട് സുഹൃത്തുക്കൾ പറയാറുണ്ട്. ടൂറിസത്തിന്റെ വളർച്ചയ്ക്കൊപ്പം തങ്ങളേപ്പോലുള്ളവർക്ക് പുതിയൊരു അവസരമാണ് ഇതിലൂടെ തുറന്നിരിക്കുന്നത് എന്നും താരം പറഞ്ഞു.
അതേസമയം ഇന്ത്യയിൽ ആദ്യമായി സിനിമാ ടൂറിസം വരാൻ പോവുകയാണിപ്പോൾ. അതിന് വേണ്ട എല്ലാ രീതിയിലുള്ള സഹകരണവും സഹായവും ഞാൻ സർക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും പ്രഖ്യാപിക്കുകയാണ്. മാത്രമല്ല ടൂറിസത്തിനൊപ്പം തന്നെ വളരേണ്ടവയാണ് സിനിമയടക്കമുള്ള സാംസ്കാരിക പ്രവർത്തനങ്ങളും എന്നും ഫഹദ് കൂട്ടിച്ചേർത്തു.