രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രമായ ‘ആവേശം’ നാളെ ജനങ്ങളിലേയ്ക്ക് എത്തും. ഇതുവരെ പ്രത്യക്ഷപ്പെടാത്ത ലുക്കിൽ എത്തുന്ന ‘ഫഫ’യെ കാണാൻ തെന്നിന്ത്യൻ ആരാധകർ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ബംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
“ഇതുപോലൊരു സിനിമയും കഥാപാത്രവും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. എൻ്റെ കഥാപാത്രമായ രംഗ സംസാരിക്കുന്നത് മലയാളവും കന്നഡയും കലർന്ന ഭാഷയിലായതിനാൽ ഏറെ വ്യത്യസ്‌തവും സങ്കീർണ്ണവുമാണ് ചിത്രം. എന്നെ തേടി വരുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. പക്ഷേ, ആവേശം എന്നെ തേടി വന്നപ്പോൾ, വളരെ എൻ്റർടെയ്‌നിങ്ങ് ആയ ഈ ചിത്രം ചെയ്തുനോക്കണമെന്ന് എനിക്കുതോന്നി. ഓഫ്ബീറ്റ് സിനിമകൾക്കായി ഒടിടി പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകൾ ഉണ്ട്, പക്ഷേ ആവേശം തിയേറ്ററുകളിൽത്തന്നെ കാണേണ്ട ചിത്രമാണ്” എന്നാണ് ആവേശത്തേക്കുറിച്ച് ഫഹദ് വ്യക്തമാക്കിയത്.
ചിത്രത്തിൽ ഫഹദ് ഫാസിലിനെ പുതിയ പേരിലാണ് പരിചയപ്പെടുത്തുന്നത് എന്നത് വളരെ ചർച്ചയായിരുന്നു. ‘ഫഫ’ എന്ന ചുരുക്കപ്പേരിലാണ് താരത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം സുഹൃത്തുക്കളാണ് അങ്ങനെ വിളിച്ചിരുന്നതെന്നും പിന്നീട് മറ്റുള്ളവർ അത് ഏറ്റെടുക്കുകയായിരുന്നു എന്നും ആവേശത്തിൽ ഈ ടൈറ്റിൽ ഉപയോഗിക്കുന്നത് രസകരമായിരിക്കും എന്ന് അണിയറപ്രവർത്തകർക്ക് തോന്നിയതിനാലാണ് ‘റീഇൻട്രൊഡ്യൂസിങ് ഫഫ’ എന്ന ടൈറ്റിൽ നൽകിയതെന്നും ഫഹദ് കുട്ടിച്ചേർത്തു. എന്തായാലും പുഷ്പയിലൂടെ പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധ നേടിയ താരത്തെ ആവേശത്തിലൂടെ ആരാധകർ വീണ്ടും ഏറ്റെടുക്കുമെന്ന് തന്നെയാണ് സിനിമാ ലോകം വ്യക്തമാക്കുന്നത്.