ഏകദിന ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയക്ക് അഞ്ച് വിക്കറ്റ് ജയം. മിച്ചൽ മാർഷിന്റെയും ജോഷ് ഇംഗ്ലിസിന്റെയും അർധ സെഞ്ചുറികളായിരുന്നു ഓസീസിന്റെ വിജയത്തിന് തുണയായത്. 35.2 ഓവറിൽ വിജയലക്ഷ്യമായ 210 റൺസ് ഓസീസ് പട അടിച്ചെടുത്തു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഓപണർ ഡേവിഡ് വാർണർ ബാറ്റിംഗ് തുടങ്ങിയെങ്കിലും ആറ് പന്തിൽ 11 റൺസെടുത്ത താരം മധുശങ്കയുടെ പന്തിൽ വിക്കറ്റിന് മുമ്പിൽ കുടുങ്ങി. പിന്നീട് എത്തിയ സ്റ്റീവൻ സ്മിത്തിനെയും റൺസെടുക്കും മുമ്പെ മധുശങ്ക ഇതേ രീതിയിൽ മടക്കിയതോടെ ഓസ്ട്രേലിയ പതറി.
എന്നാൽ ഓപണർ മിച്ചൽ മാർഷും മാർനസ് ലബൂഷെയ്നും കളത്തിൽ പിടിച്ചു നിന്നതോടെ ഓസീസ് പിടിമുറുക്കി. 51 പന്തിൽ 52 റൺസെടുത്ത മാർഷ് നിർഭാഗ്യകരമായി റണ്ണൗട്ടായി മടങ്ങിയപ്പോൾ 40 റൺസെടുത്ത ലബൂഷെയ്നെ മധുശങ്ക തന്നെ കരുണരത്നയുടെ കൈകളിൽ എത്തിച്ചു. 59 പന്തിൽ 58 റൺസടിച്ച് ടീമിനെ ജയത്തോടടുപ്പിച്ച ജോഷ് ഇംഗ്ലിസിനെ വെല്ലാലഗെയുടെ പന്തിൽ തീക്ഷണ പിടികൂടി. ആറാം വിക്കറ്റിൽ ഒന്നിച്ച ഗ്‌ളൈൻ മാക്സ് വെല്ലും (21 പന്തിൽ പുറത്താവാതെ 31), മാർകസ് സ്റ്റോയിനിസും (10 പന്തിൽ പുറത്താവാതെ 20) കരുത്തുറ്റ ബാറ്റിംഗ് കാഴ്ച വച്ചതോടെ ഓസീസിന് ജയം എളുപ്പമാവുകയായിരുന്നു. ലങ്കക്കായി ദിൽഷൻ മധുശങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദുനിത് വെല്ലാലഗെ ഒരു വിക്കറ്റ് നേടുകയും ചെയ്തു.
അതേസമയം ഓസ്ട്രേലിയക്കെതിരെ ഗംഭീര തുടക്കം കുറിച്ച ശ്രീലങ്ക പിന്നീട്അ വിശ്വസനീയമായി തകർന്നടിയുകയായിരുന്നു. പതും നിസ്സംഗയും (67 പന്തിൽ 61), കുശാൽ പെരേരയും (82 പന്തിൽ 78) ചേർന്ന് ഒന്നാം വിക്കറ്റിൽ 130 പന്തിൽ 125 റൺസ് അടിച്ചുകൂട്ടിയ ശേഷമായിരുന്നു ലങ്കയുടെ തകർച്ച തുടങ്ങിയത്. ഒരു ഘട്ടത്തിൽ 26.2 ഓവറിൽ രണ്ടിന് 157 എന്ന ശക്തമായ നിലയിൽനിന്ന് 43.3 ഓവറിൽ 209 റൺസെടുക്കുമ്പോഴേക്കും ശ്രീലങ്കയുടെ പത്തു വിക്കറ്റും നിലം പതിച്ചു. ഇടക്ക് മഴ വില്ലനായെത്തിയെങ്കിലും ഓപണർമാർക്ക് പുറമെ ചരിത അസലങ്കക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അസലങ്ക നടത്തിയ ചെറുത്തുനിൽപ്പാണ് സ്കോർ 200 കടത്തിയത്. 39 പന്തിൽ 25 റൺസെടുത്ത താരത്തെ മാക്സ് വെല്ലിന്റെ പന്തിൽ ലബൂഷെയ്ൻ തകർത്തു. ഇതോടെ ലങ്കൻ ഇന്നിങ്സിനും വിരാമമായി.
സദീര സമരവിക്രമ (എട്ട്), ധനഞ്ജയ ഡിസിൽവ (ഏഴ്), കുശാൽ മെൻഡിസ് (ഒമ്പത്), ദുനിത് വെല്ലാലഗെ (രണ്ട്), മഹീഷ് തീക്ഷ്ണ (പൂജ്യം), ചമിക കരുണരത്നെ (രണ്ട്), ലഹിരു കുമാര (നാല്), ദിൽഷൻ മധുശങ്ക (പുറത്താവാതെ പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റു ശ്രീലങ്കൻ ബാറ്റർമാരുടെ സ്കോർ. അതേസമയം ഓസീസ് നിരയിൽ ആദം സാംബ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും രണ്ട് വീതവും മാക്സ്വെൽ ഒന്നും വിക്കറ്റുമാണ് നേടിയത്.