പിതാവും നടനുമായ മമ്മൂട്ടിയെ ആദ്യമായി പേരെടുത്ത് വിളിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ദുൽഖർ സൽമാൻ. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. വാപ്പച്ചിയെയും ഉമ്മച്ചിയെയും പേരെടുത്ത് വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രസകരമായ സംഭവം താരം വെളിപ്പെടുത്തിയത്.
‘ജീവിതത്തിൽ ഒരു തവണ മാത്രമേ ഞാൻ വാപ്പച്ചിയെ പേരെടുത്തു വിളിച്ചിട്ടുള്ളൂ. അത് എയർപോർട്ടിൽ വെച്ചാണ്. വാപ്പച്ചിയും ഉമ്മയും തമ്മിൽ കാര്യമായ എന്തോ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴേക്കും ബോർഡിങ്ങിനുള്ള സമയമായി തുടങ്ങി. വരൂ, നമുക്ക് പോകാമെന്ന് ഞാൻ പറയുന്നുണ്ട്. എന്നാൽ അവർ അതൊന്നും ശ്രദ്ധിക്കുന്നേയില്ലായിരുന്നു. എന്റെ മോളോടും ഭാര്യ അമാലിനോടും നമ്മൾ ഇനിയും താമസിച്ചാൽ അവർ ഗേറ്റ് അടക്കുമെന്ന് ഞാൻ പറഞ്ഞു. അവസാനം ‘മമ്മൂട്ടി, സുലു, നമുക്ക് പോണം’ എന്ന് എനിക്ക് പറയേണ്ടി വന്നു. എന്ത് എന്ന രീതിയിൽ വാപ്പച്ചി എന്നെ നോക്കി’- ദുൽഖർ പറഞ്ഞു.
അഭിമുഖങ്ങളിൽ പിതാവ് മമ്മൂട്ടിയെക്കുറിച്ചും ബാല്യകാലത്തെ രസകരമായ സംഭവങ്ങളെക്കുറിച്ചുമൊക്കെ ദുൽഖർ വാതോരാതെ സംസാരിക്കാറുണ്ട്. വീട്ടിലെ രസകരമായ സംഭവങ്ങളും വെളിപ്പെടുത്താറുണ്ട്. എന്നാൽ മമ്മൂട്ടി ദുൽഖറിനെക്കുറിച്ചോ മകന്റെ സിനിമകളെക്കുറിച്ചോ അധികം സംസാരിക്കാറില്ല. കിങ് ഓഫ് കൊത്തയാണ് ഒടുവില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സൽമാൻ ചിത്രം.
വമ്പന്‍ പ്രൊജക്ടുകളാണ് ദുല്‍ഖറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. തമിഴ് താരം സൂര്യയെ കേന്ദ്രകഥാപാത്രമാക്കി സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖർ അഭിനയിക്കുന്നുണ്ട്. കൂടാതെ സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്താ, വെങ്കി അറ്റ്ലൂരിയുടെ ലക്കി ഭാസ്കര്‍ എന്നിവയും ദുല്‍ഖറിന്റെ മറ്റ് പ്രൊജക്ടുകളാണ്.