യൂട്യൂബറായ ചെകുത്താനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടൻ ബാലയ്ക്കു പിന്തുണയുമായി യുവ സംവിധായകൻ തരുൺ മൂർത്തി. ബാല തന്നെയാണ് കോടതിയെന്നും ഓണ്‍ലൈനിലൂടെ മോശമായി സംസാരിക്കുന്നവർക്കെതിരെ ഈ നാട്ടിൽ നിയമം ഇല്ലെങ്കിൽ ഇതൊക്കെ തന്നെയാണ് കോടതിയെന്നും തരുൺ പറഞ്ഞു.
തരുൺ മൂർത്തിയുടെ കുറിപ്പ്
ബാല തന്നെയാണ് കോടതി. നെക്സ്റ്റ് ചെസ്റ്റ് നമ്പർ പ്ലീസ്. എൻ ബി: ഓണ്‍ലൈനിലൂടെയും ഓഫ്‍ലൈനിലൂടെയും മോശം പറയുന്നവർക്കെതിരെ ഈ നാട്ടിൽ നിയമം ഇല്ലെങ്കില്‍ ഇതൊക്കെ തന്നെയാണ് കോടതിയെന്നും തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അതേസമയം വീട്ടില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന യൂട്യൂബറുടെ പരാതിയില്‍ ബാലയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെകുത്താന്‍ എന്നറിയപ്പെടുന്ന അജു അലക്സിന്‍റെ പരാതിയില്‍ തൃക്കാക്കര പൊലീസിന്‍റേതാണ് നടപടി. ബാലയ്ക്കെതിരായി വിഡിയോ ചെയ്തതിന്‍റെ വൈരാഗ്യത്തില്‍ വീട് അടിച്ചു തകര്‍ത്തുവെന്നാണ് അജു അലക്സ് ആരോപിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ബാലയും സുഹൃത്തുക്കളും വീട്ടിലെത്തിയ ദൃശ്യങ്ങളും അജു അലക്സ് പുറത്തുവിട്ടിട്ടുണ്ട്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. അജുവിന്‍റെ സുഹൃത്തായ മുഹമ്മദ് അബ്ദുല്‍ ഖാദറിന്‍റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. പൊലീസ് രാത്രി വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ആരോപണങ്ങള്‍ നിഷേധിച്ച ബാല അജുവിന്‍റെ വീട്ടിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.