ബിജെപിയിലേക്ക് ഇറങ്ങിയതിന് ശേഷം സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകൻ കമൽ. സ്വന്തം നാടിനെയും മാതാവിനെയും പിതാവിനെയും പോലും തള്ളിപ്പറയുകയാണ് എന്ന് പോലും മറന്നുകൊണ്ടാണ് അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്ന് സുരേഷ് ഗോപി പറഞ്ഞത്. അപരമത-ജാതി വിദ്വേഷം എത്രത്തോളമെത്തി എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും കമൽ കൂട്ടിച്ചേർത്തു.
മാത്രമല്ല, ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് പറഞ്ഞവരെപോലെ തന്നെ അശ്ലീലമാണ് അദേഹത്തിന്റെ വാക്കുകൾ. സംഘപരിവാറിലേക്ക് ഇറങ്ങി കഴിഞ്ഞാലുള്ള പ്രശ്‌നമാണിത്. ചിലപ്പോൾ അത്തരക്കാർ ഭീമൻ രഘുവിനെ പോലെ എഴുന്നേറ്റുനിന്ന് ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നിൽ ഭക്തി കാണിക്കുന്നത് ശരിയല്ലെന്നും അത് അശ്ലീലമാണെന്നും ഭീമൻ രഘുവിന് മനസിലാകാത്തത് അദ്ദേഹം കുറേ കാലം സംഘപരിവാറിൽ ആയിരുന്നതുകൊണ്ടാണ് എന്നും കമൽ വ്യക്തമാക്കി.
കലാകാരന്മാരുടെ ഇത്തരം പ്രവർത്തനങ്ങൾ ചലച്ചിത്ര പ്രവർത്തകരെ ഒന്നാകെ ലജ്ജിപ്പിക്കുകയാണെന്നും കമൽ പറഞ്ഞു. കൊല്ലത്ത് നടന്ന എൻ.ജി.ഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.