‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിനെതിരെ ഉയർന്ന കോപ്പിയടി ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകൻ ഡിജോ ജോസ് ആന്റണി. കട്ടോ മോഷ്ടിച്ചോ സിനിമ ചെയ്യുന്നയാളല്ല താനെന്നും നല്ല സിനിമകൾ ചെയ്യണമെന്നാഗ്രഹിച്ച് ഇന്റസ്ട്രിയിലേയ്ക്ക് വന്നയാളാണെന്നും കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്ന ആരോപണങ്ങളിൽ വിഷമമുണ്ടെന്നും ഡിജോ തുറന്നുപറഞ്ഞു.
“ഒരുപാട് വിഷമമുണ്ട്. ഫെഫ്‌ക എന്ന സംഘടനയോട് എന്നും കടപ്പെട്ടിരിക്കുന്നു. ഈ പ്രശ്‌നം നടക്കുമ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബഹ്റൈനിലായിരുന്നു. എന്തുകൊണ്ട് ഇത്രയും കാലതാമസമെടുത്തു എന്നതിനു മറുപടിയാണിത്. പിന്നീട് ഉണ്ണി സാറിനെയും ഫെഫ്‌കയിലെ ഓരോരുത്തരെയും വിളിച്ചാണ് ഇന്നൊരു ദിവസം പ്രസ്‌മീറ്റ് തീരുമാനിക്കുന്നത്. എന്റെ കയ്യിൽ എല്ലാ വിവരങ്ങളുണ്ട്. ഫെയ്‌സ്ബുക്കിൽ ഒരു പോസ്‌റ്റ് പോലും ഇടാൻ സാധിക്കുന്നില്ല. റിലീസ് ചെയ്‌ത ആദ്യദിനം മുതൽ ഡീഗ്രേഡിങ് നേരിടുകയാണ്.
നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹത്തോടെ ഇൻഡസ്ട്രിയിൽ വന്നവരാണ്. ഇപ്പോൾ ആറു കൊല്ലമായി. കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്. ആദ്യ സിനിമ കോപ്പി, ജനഗണമന കോപ്പിയടിച്ചു ഇപ്പോൾ മലയാളി ഫ്രം ഇന്ത്യ കോപ്പയടിച്ചു എന്നൊക്കെയാണ് എന്നെക്കുറിച്ചുള്ള ആരോപണങ്ങൾ. ആദ്യം മനസിലാക്കേണ്ടത് ഞാനൊരു സംവിധായകനാണ്. അല്ലാതെ എഴുത്തുകാരനായി സംവിധാനം ചെയ്യുന്ന ആളല്ല. ഒരാളെക്കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ അതിനൊരു കൃത്യത വേണ്ടേ.
സിനിമകളുടെ പ്രമോഷന് എൻ്റേതായ രീതിയുണ്ട്. ജനഗണമന റിലീസിന്റെ രണ്ട് ദിവസം മുന്നെ ലിസ്‌റ്റിൻ വിളിച്ചു ചോദിച്ചു, കോടതി രംഗങ്ങളിലെ സീനുകൾ ഏതെങ്കിലും പുറത്തുവിടേണ്ടെ എന്ന്. ഞാനാണ് പറഞ്ഞത് വേണ്ടെന്ന്. അതേപോലെ ഈ സിനിമയിലെയും പ്രധാന ഭാഗങ്ങൾ പുറത്തുവിടാൻ കഴിയില്ല. പടത്തിന്റെ പല കാര്യങ്ങളും ഒളിപ്പിച്ചുവെച്ചുവെന്ന് പറയുന്നു. ഇതിന്റെ പൂജ, ലൊക്കേഷൻ വീഡിയോ ഒക്കെ എന്റെ സോഷ്യൽ മീഡിയ പേജുകൾ നോക്കിയാൽ കാണാം. ഈ സിനിമയുടെ പ്രമോഷനിൽ പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നു പറയും. സെക്കൻഡ് ഫാഫിൽ ഈ സിനിമയുടെ സ്വഭാവം മാറി സീരിയസ് ആകുന്നുണ്ട്. പ്രേക്ഷകർ പ്രതീക്ഷിച്ച ഹ്യൂമർ ആണ് അവർക്ക് കിട്ടുന്നത്” എന്നാണ് ഡിജോ വ്യക്തമാക്കിയത്.