തിയേറ്ററിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. അതിവേഗം 100 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാളം സിനിമ എന്ന നേട്ടവും ചിത്രം ഇതിനോടകം നേടിയെടുത്തു. ഇതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന ചോദ്യമായിരുന്നു സിനിമാ പ്രേക്ഷകരിൽ നിന്ന് ഉയർന്നുവന്നത്. ഇതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങുമെന്ന തരത്തിൽ പ്രചാരണങ്ങൾ വരികയും ചെയ്തു. ഇപ്പോൾ അതിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ബ്ലെസി.
‘ആടുജീവിതം സിനിമയ്ക്ക് രണ്ടാം ഭാഗമില്ല, ആടുജീവിതമെന്ന സിനിമയ്ക്കും ആടുജീവിതമെന്ന നോവലിനും പൂർണതയുണ്ട് എന്നാണ് ബ്ലെസി വ്യക്തമാക്കിയത്. ഒരു നോവൽ സിനിമയാക്കി മാറ്റിയെഴുതുമ്പോൾ അതിൽ നോവലിസ്‌റ്റ് പറഞ്ഞതിനപ്പുറം പുതുമ കൊണ്ടുവരാനുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ടെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. ബെന്യാമിൻ എഴുതിയ നോവലിലെ പറയാതെ പോയ കാര്യങ്ങൾ തേടിയുള്ള അന്വേഷണമാണ് ആടുജീവിതം എന്ന സിനിമയിൽ ഞാൻ നടത്തിയത്. ഇക്കാര്യം ബെന്യാമിനുമായി ആദ്യമേ സംസാരിച്ച് അനുമതി വാങ്ങിയിരുന്നു.
നജീബിൻ്റെ മൂന്നാം തലമുറയിൽപ്പെട്ട കഥയാണ് ഞാൻ സിനിമയിലൂടെ പറഞ്ഞത്. നജീബ് എന്ന ഷുക്കൂറിൻ്റെ ജീവിതം, ആടുജീവിതം നോവലിലെ നജീബ് എന്നിവയ്ക്കുശേഷമാണ് സിനിമയിലെ നജീബ് വരുന്നത്. ആടുജീവിതം പരക്കെവായിക്കപ്പെട്ട നോവലാണ്. ഇത്രയേറെ പതിപ്പുകളിലൂടെ അഞ്ച് ലക്ഷത്തോളം വായനക്കാരിലെത്തി. എന്നാൽ സിനിമ ഇറങ്ങിയപ്പോഴാണ് നോവൽ വായിക്കാത്തവർ ഇത്തരമൊരു കഥയുണ്ടെന്ന് തിരിച്ചറിഞ്ഞത്. നോവലിനെയും സിനിമയെയും ചേർത്ത് വച്ച് നടക്കുന്ന വിവാദങ്ങൾ അനാവശ്യമാണ്’ എന്നാണ് ബ്ലെസി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.