സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങളും മറ്റും സ്ഥിരമായി പങ്കുവയ്ക്കാറുള്ള സംവിധായാകനാണ് അൽഫോൺസ് പുത്രൻ. പലപ്പോഴും ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുമുണ്ട്. ഇപ്പോഴിതാ ഇനി സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അൽഫോൺസ്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കുടുംബാംഗങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുന്നുണ്ട്. അവരുടെ സമാധാനത്തിന് വേണ്ടി ഇനിമുതൽ സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പങ്കുവെക്കില്ലെന്നും അൽഫോൺസ് കൂട്ടിച്ചേർത്തു.
‘ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങമാർക്കും ഇഷ്ടമല്ല. അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി ഇന്‍സ്റ്റഗ്രാം ആന്‍ഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല എന്ന് തീരുമാനിച്ചു .ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്ക്കും സമാധാനം കിട്ടും എന്നാണ് പറയുന്നത്. എന്നാല്‍ അങ്ങനെതന്നെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്’ എന്നാണ് അല്‍ഫോണ്‍സ് പുത്രന് കുറിച്ചിരിക്കുന്നത്. സംവിധായകന്റെ ഈ പോസ്റ്റിന് താഴെ നിരവധിപ്പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.