ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്‍ വീണ്ടും സ്വർണ നേട്ടം. സ്ക്വാഷിൽ മിക്സ്ഡ് ഡബിൾസ് ഇനത്തിലാണ് ദീപിക പള്ളിക്കൽ-ഹരീന്ദർപാൽ സിങ് സദ്ധു സഖ്യം സ്വർണം നേടിയത്. ഫൈനൽ മത്സരത്തിൽ മലേഷ്യയെയാണ് ഇരുവരും തകർത്തത്. ആദ്യ ഗെയിമിൽ 11-10 എന്ന സ്കോറിന് ഇന്ത്യ നേടി. എന്നാൽ രണ്ടാമത്തെ ഗെയിമിൽ 9-3 എന്ന സ്കോറിന് മുന്നിട്ട് നിന്ന ശേഷം ഇന്ത്യ പുറകിലായി. ഇതോടെ പിന്നിൽ നിന്നും കയറി വന്ന മലേഷ്യ സമനില പിടിച്ചു. എന്നാൽ, നിർണായകമായ രണ്ട് പോയിന്റ് സ്വന്തമാക്കി സദ്ധു മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി.
അതേസമയം ഈ നേട്ടത്തോടെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം 20 ആയി ഉയർന്നു. 31 വെള്ളിയും 32 വെങ്കലവും ഉൾപ്പടെ 83 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത്. കഴിഞ്ഞ വർഷം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ 81 മെഡലെന്ന നേട്ടം ഇന്ത്യ മറികടക്കുകയും ചെയ്തു.
എന്നാൽ ബാഡ്മിന്റണിൽ പി.വി സിന്ധു പുറത്തായെങ്കിലും സെമി ഫെനലിൽ പ്രവേശിച്ച് എച്ച്.എസ് പ്രണോയ് ഇന്ത്യക്കായി മെഡലുറപ്പിച്ചു. 21-6, 21-16, 22-30 എന്ന സ്കോറിനാണ് പ്രണോയിയുടെ ജയം. നേരത്തെ ചൈനയുടെ ഹി ബിങ്ജിയോയോടാണ് സിന്ധു തോറ്റത്. കൂടാതെ ഗുസ്തിയിൽ ഇന്ത്യൻ താരം പൂജ ഗെഹ്ലോട്ട് ഫൈനലിൽ കടന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് പൂജ ഫൈനലിൽ കടന്നത്.
മെഡൽ നിലയിൽ ചൈനയാണ് ഇപ്പോഴും ഒന്നാം സ്ഥാനം നിലനിർത്തുന്നത്. 171 സ്വർണവും 94 വെള്ളിയും 51 വെങ്കലവും ഉൾപ്പടെ 316 മെഡലുമായാണ് ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നത്. 37 സ്വർണവും 51 വെള്ളിയും 59 വെങ്കലവും ഉൾപ്പടെ 147 മെഡലുമായി രണ്ടാം സ്ഥാനത്ത് ജപ്പാനും നിലയുറപ്പിച്ചിട്ടുണ്ട്. 33 സ്വർണവും 45 വെള്ളിയും 70 വെങ്കലവുമായി കൊറിയയാണ് മൂന്നാമത്.