ജനപ്രിയ നായകൻ എന്ന ലേബലിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ദിലീപ്. കഴിഞ്ഞ കുറെ നാളുകളായി ചെയ്ത സിനിമകൾ എല്ലാം ബോക്സോഫീസിൽ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ തീയേറ്ററിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് പവി കെയർ ടേക്കർ. ഏപ്രിൽ 26ന് ഇറങ്ങിയ ചിത്രം ഞായറാഴ്ചത്തെ കളക്ഷൻ അടക്കം ഇതുവരെ ഇന്ത്യൻ ബോക്സോഫീസിൽ 3.50 കോടി നേടിയിട്ടുണ്ട്. റിലീസ് ദിവസം ചിത്രത്തിൻറെ കളക്ഷൻ 1.05 കോടിയായിരുന്നു, ശനിയാഴ്ച രണ്ടാം ദിനത്തിൽ ഇത് 1.15 കോടിയായി. മൂന്നാം ദിനമായ ഞായറാഴ്ച ഇത് 1.30 കോടിയായി.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടൻ നൽകിയ അഭിമുഖങ്ങളെല്ലാം വളരെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കവെ വ്യക്തി ജീവിതത്തിൽ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് ദിലീപ്. റിയൽ ലവ് എന്നതിൽ പരാജയപ്പെട്ടയാളാണ് താനെന്നും ദിലീപ് പറയുന്നു.
എന്റെ ഫസ്റ്റ് ലവ് ഉണ്ടായശേഷം ഞാൻ ആ വ്യക്തിയോട് മിണ്ടിയിട്ടേയില്ല. പ്രണയം പറഞ്ഞിട്ടുമില്ല. അതിലെ കോമഡി എന്താണെന്ന് വെച്ചാൽ ആ കുട്ടി ഒരുപാട് പേരുടെ ഫസ്റ്റ് ലവ് ആയിരുന്നു. പിന്നീടാണ് ഞാൻ അത് അറിഞ്ഞതെന്ന് താരം പറയുന്നു. സ്കൂളിൽ പഠിക്കുന്ന സമയമായിരുന്നു അത്. അന്ന് ആ പെൺകുട്ടിയോട് മിണ്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല. നമ്മളെ സ്നേഹിക്കാനും കേൾക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആൺകുട്ടിയുടേയും പെൺകുട്ടിയുടേയും വിഷയങ്ങൾ തന്നെയാണ്. പിന്നെ പ്രണയത്തിന് പ്രായമില്ല. എന്ത് വേണമെങ്കിലും ആർക്കും എപ്പോഴും സംഭവിക്കാം. ചിലതിന് പകരമാകാൻ കഴിയില്ല. കോംപ്രമൈസ് മാത്രമെയുള്ളു’, എന്നാണ് ദിലീപ് പറയുന്നത്.