ലഹരി ആരോപണത്തിൽ നടൻ ടിനി ടോമിനെ തള്ളി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. മയക്കുമരുന്ന് ആരും വായിൽ കുത്തിതിരുകി തരില്ല. മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നും ധ്യാൻ പറഞ്ഞു.
‘ഒരുത്തൻ നശിക്കണം എന്ന് പറഞ്ഞാൽ അവൻ നശിക്കും. മകന് ബോധം ഉണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഒരാൾ വന്ന് വായിൽ കുത്തിത്തിരുകി തരില്ലല്ലോ ഈ പറഞ്ഞ സാധനം. ബോധവും കഥയും ഉള്ള ഒരുത്തനാണെങ്കിൽ അവൻ അത് ഉപയോഗിക്കില്ല. അത്രതന്നെ.’ എന്നായിരുന്നു ധ്യാനിന്റെ പ്രതികരണം.
സിനിമ മേഖലയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും, ഈ ഭയം കൊണ്ടാണ് മകനെ സിനിമയിലേക്ക് വിടാത്തതെന്നുമായിരുന്നു ടിനി ടോമിന്റെ വിവാദ പരാമർശം. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു ടിനി ടോമിന്റെ വെളിപ്പെടുത്തൽ. തന്റെ മകന് സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ അഭിനയിക്കാൻ മകനെ വിടില്ലെന്നാണ് പങ്കാളി പറഞ്ഞത്. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയുള്ളിനാലാണ് ഇത് എന്നായിരുന്നു ടിനി പറഞ്ഞത്.