പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണോ അർജന്റീന താരം ലയണൽ മെസ്സിയ്ക്കാണോ ഏറ്റവും കൂടുതൽ ആരാധകരുള്ളത്? ആധുനിക ഫുട്ബാളിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ചൂട് പിടിച്ച ചർച്ചയാണിത്. മൈതാനങ്ങളിൽ ആരാധകർ പരസ്പരം ചേരിതിരിഞ്ഞ് മെസ്സിക്കും ക്രിസ്റ്റ്യാനോക്കും വേണ്ടി മുദ്രാവാക്യം വിളിക്കുന്നത് പതിവ് കാഴ്ച്ചയാണ്.
സൗദി ക്ലബ് അൽ നസ്റിലെത്തിയ ക്രിസ്റ്റ്യാനോയ്ക്ക് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ പലപ്പോഴും മെസ്സി ആരാധകരുടെ മെസ്സി, മെസ്സി വിളികൾ നിരവധി തവണ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇന്നലെ നടന്ന റിയാദ് സീസൺ കപ്പ് ഫൈനൽ മത്സരത്തിനിടെയും റൊണാൾഡോയ്ക്ക് ആ വിളി കേൾക്കേണ്ടി വന്നു. എന്നാൽ ഇത്തവണ താരം ഗാലറിയെ നോക്കി ക്ഷുഭിതനായി.
മത്സരത്തിനിടെ എതിർ ടീം ആരാധകരുടെ മെസ്സി ചാന്‍റിൽ ക്രിസ്റ്റ്യാനോ വളരെയധികം ക്ഷുഭിതനായി. ഇതേ തുടർന്ന്ആ രാധകർക്കുനേരെ കൈചൂണ്ടി മെസ്സിയല്ല ഞാനാണ് ഇവിടെ കളിക്കുന്നതെന്ന് താരം പറയുകയും ചെയ്തു. ഇതിന്‍റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൂടാതെ മത്സരം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആരാധകരിലൊരാൾ റൊണാള്‍ഡോക്ക് നേരെ ടവലുകള്‍ വലിച്ചെറിയുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
മത്സരത്തിൽ റൊണാൾഡോ നയിച്ച അൽ നസ്ർ ഏകപക്ഷീയമായ രണ്ടുഗോളിന് (2-0) അൽ ഹിലാലിനോട് പരാജയപ്പെട്ടു. കിങ് ഫഹദ് സ്പോട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലാണ് ഈ രണ്ടു ഗോളുകളും പിറന്നത്. രണ്ടു ഗോൾ പിന്നിലായ അൽ നസ്ർ മറുപടി ഗോളിനായി അവസാന നിമിഷം വരെ ശ്രമം നടത്തിയെങ്കിലും വിഫലമായി. റിയാദ് സീസണ്‍ കപ്പില്‍ മെസ്സിയുടെ ഇന്‍റര്‍ മയാമിയും അല്‍ നസ്റും തമ്മിലുള്ള മത്സരത്തില്‍ പരിക്കുമൂലം റൊണാള്‍ഡോ കളിച്ചിരുന്നില്ല. അല്‍ നസ്ര്‍ ഇന്‍റര്‍ മയാമിയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിക്കുകയും ചെയ്തിരുന്നു.