അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരിൽ സൗദി പ്രോ ലീഗ് ഫുട്ബോളില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചു. ഇനിയുള്ള മത്സരങ്ങളിൽ താരത്തിന് പങ്കെടുക്കാം. വിലക്കിനോടൊപ്പം മുപ്പതിനായിരം റിയാൽ പിഴയും ക്രിസ്റ്റ്യാനോക്ക് ചുമത്തിയിരുന്നു. അശ്ലീല ആംഗ്യം കാണിച്ച ക്രിസ്റ്റ്യാനോയുടെ നടപടിയിൽ സൗദിയിലെ മത്സര ആസ്വാദകരിൽ നിന്നും വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.
കഴിഞ്ഞയാഴ്ച അല്‍ ശബാബിനെതിരായ 3- 2 വിജയത്തിന് ശേഷമായിരുന്നു സംഭവം. മെസ്സി എന്ന് വിളിച്ച് റൊണാള്‍ഡോയെ കാണികളില്‍ ഒരു വിഭാഗം പ്രകോപിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് താരം കാണികൾക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചത്. പരാതി ലഭിച്ചതോടെ സൗദി പ്രോ ലീഗ് താരത്തിന് ഒരു മത്സര വിലക്കും 20,000 റിയാല്‍ പിഴയും വിധിച്ചു. എന്നാൽ ക്രിസ്റ്റ്യാനോയുടെ മോശം ആംഗ്യം മൈതാനത്തെ ടെലിവിഷന്‍ ക്യാമറകളില്‍ കാണിച്ചിരുന്നില്ല. പക്ഷെ, ഗ്യാലറിയിലെ ചില ആരാധകര്‍ പകര്‍ത്തിയ വിഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇതിൽ താരം അശ്ലീല ആംഗ്യം കാണിക്കുന്നത് വ്യക്തമായി കാണാം.