ഗുരുവായൂരിലെ തയ്യൂർ ചെങ്ങഴിക്കോട് നാരായണന്റെയും തങ്കമണിയുടെയും മകൻ സന്നിധാനന്ദനെ അറിയില്ലേ? ഐഡിയ സ്റ്റാർ സിംഗറിലെ സന്നിധാനന്ദനെന്ന് പറഞ്ഞാലോ? ആ നമ്മുടെ സന്നി… ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധിപേരിൽ ഒരാളാണ് സന്നിധാനന്ദൻ. റിയാലിറ്റി ഷോയിൽ പാട്ടുപാടാൻ എത്തും മുൻപുള്ള ഒരു സന്നിയുണ്ട്. അമ്പലപ്പറമ്പുകളിലെ ഗാനമേളയ്‌ക്കരികിൽ ഒരു ചാൻസിന് വേണ്ടി കാത്ത് നിന്നിരുന്ന സന്നി. പിന്നീട് എപ്പോഴോ ഒരു ലൈബ്രേറിയനായി. പക്ഷെ സംഗീതം വിടാൻ കഴിഞ്ഞില്ല, പുസ്തകങ്ങളുടെ ലോകത്ത് നിന്ന് പൊടിതട്ടിയെടുത്ത സംഗീതവുമായി സന്നി ഐഡിയ സ്റ്റാർ സിംഗറിന്റെ പടവുകൾ കയറി.
ജന്മനാ ഉണ്ടായിരുന്ന മുറിച്ചുണ്ടിനെ തന്റെ ജീവിതത്തിലെ വില്ലനാകാൻ സമ്മതിക്കില്ല എന്നുറപ്പിച്ച ഒരു കലാകാരന്റെ പോരാട്ടമായിരുന്നു 2007ലെ സ്റ്റാർ സിംഗർ വേദിയിൽ പ്രേക്ഷകർ കണ്ടത്. ഒരു പുനർജന്മം, സന്നിയുടെ സംഗീത യാത്രക്കുള്ള തുടക്കം അങ്ങനെ പലതും സ്റ്റാർ സിംഗറിൽ വന്നതിന് ശേഷമാണ് സംഭവിച്ചത്. ‘സംഗീതത്തിൽ വല്യ ഗ്രാഹ്യമൊന്നും ഇല്ലാതിരുന്ന എന്നെ മത്സരാർഥിയായി തെരഞ്ഞെടുത്ത സ്റ്റാർ സിംഗർ ടീമിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞാൻ ആദ്യമായി സ്റ്റേജിൽ കയറുമ്പോൾ എന്റെ പേര് കേട്ട് എംജി ശ്രീകുമാർ സർ പറഞ്ഞു ‘ഒരു ഭക്തിഗാനം പാടൂ…’ അന്നാണ് സന്നിധാനന്ദൻ എന്ന ഗായകൻ ജനിക്കുന്നത് – സന്നിധാനന്ദൻ എന്നും അഭിമാനത്തോടെ പറയുന്ന വാക്കുകളാണിത്.
പാതി വഴിയിൽ പടിയിറങ്ങേണ്ടി വന്നപ്പോഴും സന്നിയ്ക്ക് കൂട്ട് സംഗീതമായിരുന്നു. ഒരുപക്ഷെ, സംഗീതവും സന്നിയെ അത്ര കണ്ട് സ്നേഹിച്ചിട്ടുണ്ടാവാം. വർഷങ്ങൾക്കിപ്പുറവും സന്നിധാനന്ദൻ മലയാളികൾക്ക് പ്രിയപ്പെട്ടവനാകുന്നത് അന്ന് അദ്ദേഹം കാഴ്ചവെച്ച മിന്നുന്ന പ്രകടനങ്ങൾക്കൊണ്ട് തന്നെയാണ്. ജീവിതത്തിൽ ഐഡിയ സ്റ്റാർ സിംഗർ എന്ന വേദി വന്നില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന് പോലും ചിന്തിക്കാൻ കഴിയുന്നില്ലെന്ന് സന്നിധാനന്ദൻ പറയുന്നതിനോട് നൂറ് ശതമാനവും യോജിക്കാം.
പാടാനുള്ള കഴിവും എളിമ നിറഞ്ഞ പെരുമാറ്റവും തന്നെയാണ് ഇന്നും പ്രേക്ഷകരുടെ മനസിൽ സന്നിധാനന്ദനെ പ്രിയപ്പെട്ട സന്നിയായി നിലനിർത്തുന്നത്. പെട്ടന്നൊരു നാൾ സംഗീത ലോകത്ത് നിന്നും അപ്രത്യക്ഷനായ സന്നിയെ തിരികെ കൊണ്ടുവന്നത് സംഗീത സംവിധായകൻ ഗോപി സുന്ദറാണ്, ഗോപിസുന്ദര്‍ മ്യൂസിക് കമ്പനിയുടെ പുതിയ സംഗീത വീഡിയോയിലൂടെ. ‘ഒരു സമയത്ത് കടന്നു വരികയും എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മുഖ്യധാരയിൽ നിന്നും പാടേ അപ്രത്യക്ഷനാവുകയും ചെയ്ത ഗായകനാണ് സന്നിധാനന്ദൻ. അദ്ദേഹത്തെ മുൻനിരയിലേയ്ക്ക് എത്തിക്കണമെന്ന് തോന്നി. അങ്ങനെയാണ് അയ്യപ്പഭക്തിഗാനം അദ്ദേഹത്തെക്കൊണ്ടു തന്നെ പാടിപ്പിക്കാമെന്നു തീരുമാനിച്ചതെന്ന് ഒരിക്കൽ ഗോപി സുന്ദർ പറഞ്ഞിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം റിയാലിറ്റി ഷോ രംഗത്തേക്ക് സന്നിധാനന്ദൻ തിരിച്ചുവന്നത് സരിഗമപ കേരളം ലിറ്റിൽ ചാംപ്സിലൂടെയായിരുന്നു. രണ്ടാം വരവ് മത്സരാർഥിയായിട്ടായിരുന്നില്ല, മറിച്ച് മെന്ററായിട്ടായിരുന്നു. നിരവധി സിനിമാ ഗാനങ്ങൾ ആലപിച്ച് വെള്ളിത്തിരയിൽ സന്നി സ്വന്തം ഇടം ഉണ്ടാക്കി. സ്വർണം എന്ന ചിത്രത്തിലെ ചന്ദ്രശേഖര നന്ദന എന്ന ഗാനത്തിലൂടെ സന്നി പിന്നണി ഗായകനായി. കലാഭവൻ മണിയും ബേബി നയൻതാരയും പ്രധാന കഥാപാത്രങ്ങളായ സിനിമയായിരുന്നു സ്വർണം. ഓർഡിനറി എന്ന ചിത്രത്തിലെ തെച്ചിപ്പൂ മന്ദാരവും എം. ജയചന്ദ്രൻ സംഗീതം നൽകിയ ലിവിംഗ് ടുഗെതർ എന്ന ചിത്രത്തിലെ ഗാനവും തമിഴിൽ റോണി റാഫേൽ സംഗീതം ചെയ്ത ആർവം എന്ന ചിത്രത്തിലെ ഗാനവും പിന്നീട് സന്നിദാനന്ദൻ ആലപിച്ച് ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്. സന്നിയെ സംഗീതം ഒരിക്കലും കൈവിടില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളല്ലേ ഇതെല്ലാം?
“ഒരു ചിക് ചിക് ചിക് ചിക് ചിറകിൽ മഴവില്ല് വിരിയ്ക്കും മനസേ ശുകിരിയാ…”
തിരുവനന്തപുരത്ത് സ്കൂൾ പഠന കാലത്ത് തന്നെ സംഗീത മത്സരങ്ങളിൽ ഗാനങ്ങൾ ആലപിച്ചുകൊണ്ട് ആ കൊച്ചു മിടുക്കൻ സദസ്സിന്റെ കയ്യടികൾ നേടിയിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘പാദമുദ്ര’യിലൂടെ മലയാള സിനിമയിലേക്ക്. സന്നിധാനന്ദൻ റിയാലിറ്റി ഷോയിൽ വന്നതിന് ശേഷമായിരുന്നു ഗായകനായതെങ്കിൽ അന്നത്തെ ഈ 17 കാരൻ സിനിമയിൽ പാടിയതിന് ശേഷമായിരുന്നു റിയാലിറ്റി ഷോയിലെ വിജയിയായത്. മലയാളത്തിന് മികച്ച ഗാനങ്ങൾ സമ്മാനിച്ച സാക്ഷാൽ ദേവരാജൻ മാസ്റ്ററുടെ ശിഷ്യൻ കൂടിയായിരുന്നു ഈ ചെറുപ്പക്കാരൻ. വാളെടുത്താൽ അങ്ക കലിയുമായി എന്ത് സുഖമാണീ നിലാവ് എന്ന് റൊമാൻറ്റിക്കായി കക്കോത്തിക്കാവിലെ കായൽ വരമ്പിനും കാക്കാലൻ ഞണ്ടിനും കിന്നാരം ചൊല്ലി ഗുജറാത്തി കാൽത്തളക്കെട്ടി മഴ മണി മുകിലായി കൊഞ്ചി പാടി… മലയാള സിനിമയും മലയാളിയും ഇന്നും ചുണ്ടിൽ മൂളി നടക്കുന്ന മനോഹര ഗാനങ്ങൾ സമ്മാനിച്ച മധുര ഗായകൻ, വിധു പ്രതാപ്.
ഇവിടെ ഇപ്പോൾ സന്നിധാനന്ദനെയും വിധുവിനെയും കുറിച്ച് പറയേണ്ട സാഹചര്യമെന്താണ് എന്നായിരിക്കും ചിന്തിക്കുന്നത്. കാരണമുണ്ട്. സന്നിയെയും വിധുവിനെയും പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും പുറത്തു വന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു കുറുപ്പിന്റെ പ്രസക്തി ഒളിഞ്ഞുകിടക്കുന്നത്. ഇതിന് മുൻപും വിധു പ്രതാപ് ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ട്. വിധുവിന്റെയും ദീപ്തിയുടെയും ദാമ്പത്യ ജീവിതത്തിലേക്ക് കുട്ടി ആയില്ലേ എന്ന ചോദ്യശരങ്ങൾ എയ്തവർക്ക്, വിമർശിച്ചവർക്ക് തക്കതായ മറുപടി അന്ന് വിധു കൊടുത്തിരുന്നു. സന്നിധാനന്ദന്റെയും വിധു പ്രതാപിന്റെയും നീട്ടി വളർത്തിയ മുടിയാണ് ഇന്ന് സോഷ്യൽ മീഡിയ പോസ്റ്റിട്ട ‘ഉഷ കുമാരി’യുടെ പ്രധാന പ്രശ്നം.
ആ വൈറൽ പോസ്റ്റിങ്ങനെയാണ്
ഉഷ കുമാരി (പ്രൊഫൈൽ നെയിം)
‘ആൺ കുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെണ്ണായിട്ടും തന്നെ വളർത്തണം ഓരോ അമ്മമാരും. വിധു പ്രതാപിനെ പോലെയും സന്നിധാനന്ദനെപ്പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം. ടോപ് സിംഗർ സീസൺ 3 ഇൽ നന്നായി പാടുന്ന ഒരു മോൻ. അവനെ കണ്ടാൽ ആകെ കൺഫ്യൂഷൻ ആവും. ഇതൊക്കെ എന്താണ്. നാളെ ഇവരെയൊക്കെ ചാന്തുപൊട്ടെന്ന് വിളിക്കാൻ ഇടവരുത്തുകയാണ് അമ്മമാർ.
സന്നിയും വിധുവും മുടി നീട്ടി വളർത്തിയതുകൊണ്ട് ചാന്തുപൊട്ടാവുമെന്നാണ് ‘ഉഷ കുമാരി’പറയുന്നത്. ശരിക്കും, എന്താണ് ഇവരുടെ പ്രശ്നം? ഇവർ കുലസ്ത്രീയാണോ? അവർ മുടി നീട്ടി വളർത്തിയാൽ ഇവർക്കെന്താണ്?… അങ്ങനെ നീളുന്നു പ്രതികരണങ്ങൾ. ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് ഗാനരചയിതാവ് ബികെ ഹരിനാരായണന്റെ വാക്കുകളാണ്. അദ്ദേഹം ഉഷ കുമാരിയ്ക്ക് ഉത്തരം നൽകിയത് ഇങ്ങനെ കുറിച്ചുകൊണ്ടാണ്…
1994 ആണ് കാലം. പൂരപ്പറമ്പിലെ ജനറേറ്ററിൽ ഡീസലു തീർന്നാലോ വെള്ളം തീർന്നാലോ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥൻ കാവല് നിർത്തിയിരിക്കുന്ന ഒരു പയ്യൻ ഉണ്ട്. ടൂബ് ലൈറ്റുകൾ കെട്ടാൻ സഹായിച്ച് രാത്രി മുഴുവൻ കാവൽ നിന്നാൽ അവന് കിട്ടുക 25 രൂപ. ഏറി വന്നാൽ 50 രൂപ കിട്ടും. വേണമെങ്കിൽ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് അവന് കിടന്നുറങ്ങാം. പക്ഷെ ജനറേറ്ററിലേക്ക് ഒരു കണ്ണ് എപ്പോഴും വേണം. ഈ ഭീകര ശബ്ദത്തിൻ്റെ അടുത്ത് കിടന്ന് എങ്ങനെ ഉറങ്ങാനാണ്? അപ്പുറത്തെ സ്‌റ്റേജിൽ ഗാനമേളയാണ് നടക്കുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട. അവൻ കണ്ണ് മിഴിച്ച് കാതും കൂർപ്പിച്ച് ഗാനമേള മുഴുവൻ കണ്ടിരിക്കും. പിന്നെ സ്റ്റേജിൻ്റെ പിന്നിൽ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും ചേട്ടാ ഞാനൊര് പാട്ട് പാടിക്കോട്ടേ ? ചെലോര് കളിയാക്കും , ചിരിക്കും, ചെലോര് പോയേരാ അവിടന്ന് എന്ന് ആട്ടിപ്പായിക്കും. പക്ഷെ, അവന് വേദനിക്കുന്ന മനസ്സുമായി മുഖത്ത് ഒരു പുഞ്ചിരി മാത്രം പൊഴിക്കും. അവഗണന, അതവന് ശീലമായിരുന്നു. എന്നാലും അടുത്ത പൂരപ്പറമ്പിലും ഗാനമേള കണ്ടാൽ അവരുടെ അടുത്ത് ചെന്ന് അവൻ അവസരം ചോദിക്കാൻ മടി കാണിച്ചില്ല.
നാവില്ലാത്ത ,ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള അവന്റെ ഈ കമ്പം. അന്ന് മുതൽക്കേ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിൻ്റെ ,രൂപത്തിൻ്റെ പേരിലുള്ള കളിയാക്കലും. ഒരു ദിവസം ഏതോ സ്കൂൾ ഗ്രൗണ്ടിൽ വലിയൊരു ഗാനമേള നടക്കുകയാണ്. ജനറേറ്ററിനടുത്ത് കുറച്ച് നേരം പാട്ട് കേട്ടിരുന്നതിന് ശേഷം അവൻ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു. ” ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ ? അയാളവൻ്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും മെലിഞ്ഞ രൂപത്തിലേക്കും മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും ഒന്ന് നോക്കി ” വാ ..പാട് ” ആ ഉത്തരം അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മനസ്സിൽ നൂറ് വാൾട്ടിന്റെ സന്തോഷം മിന്നി.
അതിൻ്റെ ആവേശത്തിൽ സ്റ്റേജിൽ കയറി ജീവിതത്തിൽ ആദ്യമായി മൈക്ക് എടുത്ത് ചെക്കനങ്ങട്ട് പൊരിച്ചു. ” ഇരുമുടി താങ്കീ… ” മൊത്തത്തിൽ താഴെ പോയിരുന്ന ഗാനമേള അവന്റെ ഒരു പാട്ട് കൊണ്ട് പൊന്തി വന്നു. ആൾക്കാര് കൂടി കയ്യടിയായി… പാട്ടിൻ്റെ ആ ഇരു “മുടി ” “യും കൊണ്ടാണ് അവൻ ജീവിതത്തിൽ നടക്കാൻ തുടങ്ങിയത് ” ആർക്കുമറിയാത്ത സന്നിധാനന്ദന്റെ ഒരു ഭൂതകാലത്തെക്കുറിച്ച് ഹരിനാരായണൻ കുറിച്ച വാക്കുകൾ ഓരോരുത്തരുടെയും കണ്ണ് നനയിക്കുന്നതാണ്.
ഹരിനാരായണൻ കുറിപ്പ് അവസാനിപ്പിക്കുന്നത് പോലെ, കാൽച്ചുവട്ടിലെ കനലാണ് അവൻ്റെ കുരല്. ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവൻ്റെ ഇന്ധനം. അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവൻ്റെ ബലം. മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും, പാടിക്കൊണ്ടേയിരിക്കും….
വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചവനല്ല, വയറിൽ വിശപ്പിന്റെ താളം കേട്ട് വളർന്നവനാണ്. സ്വപ്‌നങ്ങൾ കൂട്ടി വച്ച് സ്വന്തം ലോകം ഒറ്റയ്ക്ക് പണിതുയർത്തിയവനാണ്. അവന്റെ ജീവിതം അവൻ കെട്ടിപ്പടുത്തതാണ്. അതിലേക്ക് അഭിപ്രായവുമായി ഒരു ഉഷ കുമാരിയും കയറി ചെല്ലേണ്ടതില്ല.