മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് സിനിമ നിർമ്മാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
സിനിമയ്ക്കായി 6 കോടി രൂപയാണ് പരാതിക്കാരി നൽകിയത്. പണം നൽകുന്ന സമയത്ത് 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. ആർ.ഡി.എക്സ് സിനിമ നിർമ്മാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് അഞ്ജന അബ്രഹാമിന്റെ പരാതി.
വ്യാജ രേഖകൾ ഉണ്ടാക്കി നിർമ്മാണ ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചെന്നും സിനിമയുടെ ചിലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.