തമിഴകത്തെയും വിജയ് ആരാധകരുടെയും ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശനം തന്നെയാണ്. കേരളത്തിൽ സിനിമാ മേഖലയിലുള്ളവർ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത് ചുരുക്കമാണെങ്കിലും തമിഴകത്ത് ഇതൊരു പുതുമയല്ല. കരണാനിധി, എം.ജി.ആർ, ജയലളിത അങ്ങനെ നീളുന്നതാണ് താര നേതാക്കളുടെ പേരുകൾ. അക്കൂട്ടത്തിൽ അതിശക്തനായ ഒരു നേതാവിന്റെ പേരുകൂടി എഴുതിച്ചേർക്കാനൊരുങ്ങുകയാണ് തമിഴകം.
കഴിഞ്ഞ ദിവസമാണ് വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് വെളിപ്പെടുത്തിയത്. ‘തമിഴക വെട്രി കഴകം’ എന്നായിരുന്നു താരം പാർട്ടിക്ക് നൽകിയ പേര്. ആരാധകർ നേതാവിനെയും പാർട്ടിയെയും ഇരുകയ്യുംനീട്ടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്റെ പാർട്ടിയുടെ പേരിൽ ദുരിതത്തിലായിരിക്കുകയാണ് വിജയ്. പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നൽകരുതെന്ന് ആവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴക വാഴ്വുരിമൈ കക്ഷി നേതാവായ വേൽമുരുകൻ.
സംഭവം എന്താണെന്നല്ലേ. ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേൽമുരുകന്റെ പരാതി. 2012-ൽ രൂപീകൃതമായ തമിഴക വാഴ്വുരിമൈ കക്ഷി ടി.വി.കെ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ക്യാമറ ചിഹ്നത്തിൽ പാർട്ടി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നുണ്ട്. വിജയിയുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകുന്നതോടെ പേര് പ്രശ്‌നമാകുമെന്നും ഈ വിഷയം കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വേൽമുരുകൻ വ്യക്തമാക്കി. എന്തായാലും സംഭവം ഇപ്പോൾ തമിഴകത്ത് വലിയ ചർച്ചയാണ്. വിജയിയുടെ പാർട്ടിയുടെ പേര് മാറ്റേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ആരാധകർ.