കോളേജിൽ പാട്ട് പാടുന്നതിനിടെ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയതിൽ പ്രതിഷേധിച്ച് ഗായകൻ ജാസി ഗിഫ്റ്റ് സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ പരിപാടിക്കിടെയാണ് ഗായകൻ വേദിവിട്ടത്. പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പൽ പിടിച്ചുവാങ്ങുകയും ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
കോളേജ് ഡേ പരിപാടിയിലെ മുഖ്യ അതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. വിദ്യാർത്ഥികൾ ക്ഷണിച്ച പ്രകാരമാണ് ഗായകൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ പാട്ട് പാടുന്നതിനിടെ വേദിയിലെത്തിയ പ്രിൻസിപ്പൽ ജാസി ഗിഫ്റ്റിൽ നിന്ന് മൈക്ക് വാങ്ങുകയും അനൗൺസ്മെന്റ് നടത്തുകയുമായിരുന്നു. ഇത്രയും നാളത്തെ സംഗീത ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ഒപ്പം പാടാനെത്തിയ മുതിർന്ന ഗായകനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
സംഭവത്തെ തുടർന്ന് പ്രിസിപ്പലിനെതിരെ കോളേജ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ തന്റെ ഭാഗത്ത് തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പലും രംഗത്തെത്തി. പുറത്ത് നിന്നുള്ള ആളുകളെ കോളേജിനകത്തെ പരിപാടിയിൽ പാടിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്‌തതെന്നും ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്നും വ്യക്തമാക്കി.