മലയാളിയാണെങ്കിലും അന്യഭാഷകളിലും ഏറെ ആരാധകരുള്ള താരമാണ് മമ്മൂട്ടി. എന്നും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുമുണ്ട്. താരത്തിന്റെ സ്വകാര്യ ജീവിതത്തിലെ ഒരു മനോഹരമായ സംഭവമാണ് ഇപ്പോൾ വൈറൽ ആവുന്നത്. സഹപാഠിയുടെ ഓട്ടോഗ്രാഫ് ബുക്കിൽ വളരെ വൈകാരികമായി മമ്മൂട്ടി എഴുതി നൽകിയ കുറിപ്പാണ് താരം.
കൊച്ചി പൊന്നുരുന്നി സ്വദേശിയും അഭിഭാഷകനുമായ എം.കെ ശശീന്ദ്രനാണ് ഈ ഓട്ടോഗ്രാഫിന്റെ ഉടമ. മമ്മൂട്ടി നല്‍കിയ ഒട്ടോഗ്രാഫ് ഇന്നും നിധിപോലെ കാത്ത് സൂക്ഷിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ സുഹൃത്ത് ഇത്രയും വലിയ നടനാകുമെന്ന് അന്ന് അദ്ദേഹം കരുതിയിരുന്നില്ല. അതില്‍ എഴുതിയിരിക്കുന്ന വാക്കുകളും വാചകങ്ങളുടെ ശക്തിയുമാണ് ശശീന്ദ്രനെ ഏറെ ആകര്‍ഷിച്ചത്. കാമ്പസിലെ ഗോവണിപ്പടികളിലിരുന്ന് കാര്യമായി ഒന്നും ആലോചിക്കാതെ അദ്ദേഹം പെട്ടന്ന് കുത്തിക്കുറിച്ച വാക്കുകളാണത്. പക്ഷെ, ശശീന്ദ്രന്റെ ഹൃദയത്തിലാണ് ആ വാക്കുകൾ കുടികൊള്ളുന്നത്.
“കാമ്പസില്‍ വരുമ്പോള്‍ മമ്മൂട്ടിയുടെ കയ്യില്‍ ആകെ ഒരു നോട്ട് ബുക്ക് മാത്രമേ ഉണ്ടാവുള്ളു. അതില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഒരു പാസും ഉണ്ടാകും. അതും കൈയ്യില്‍ വച്ച് മമ്മൂട്ടി സ്റ്റൈലായി വന്നിറങ്ങുന്നത് ഒരു കാഴ്ച തന്നെയാണ്. ഞാൻ ഫൈനലിയര്‍ ബി.എ ക്ലാസില്‍ പഠിക്കുമ്പോള്‍ മമ്മൂട്ടി രണ്ടാം വര്‍ഷ ബി.എ ആയിരുന്നു. ഇപ്പോഴും നേരില്‍ കാണണമെന്നുണ്ട്. അദ്ദേഹം എന്നോട് വരാനും പറഞ്ഞിട്ടുണ്ട്. സൗഹൃദവും സ്‌നേഹവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര”- ശശീന്ദ്രന്‍ പറഞ്ഞു.