പ്രശസ്തനായ സാഹിത്യകാരനും അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളിക്കാട് ഇനി സാഹിത്യപ്രഭാഷണം നടത്തില്ല. എന്നെന്നേക്കുമായി പ്രഭാഷണം നിർത്തിയെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. തിരൂരിലെ തുഞ്ചൻപറമ്പിൽ നടത്താനിരുന്ന പ്രഭാഷണത്തിൽ നിന്ന് പിന്മാറിക്കൊണ്ടായിരുന്നു തിങ്കളാഴ്ച ചുള്ളിക്കാട് ഇക്കാര്യം വ്യക്തമാക്കിയത്.
കുമാരനാശാന്റെ കവിതയെക്കുറിച്ച് ഒരു പ്രഭാഷണം നടത്താൻ എം.ടി. വാസുദേവൻ നായർ ചുള്ളിക്കാടിനെ ചുമതലപ്പെടുത്തിയിരുന്നു. പരിപാടി നടത്താനുള്ള തീയതി അന്വേഷിച്ചുകൊണ്ട് തിങ്കളാഴ്ച തുഞ്ചൻ പറമ്പിൽനിന്ന് ചുള്ളിക്കാടിനെ വിളിച്ചപ്പോഴാണ് തനിക്കിനി കേരളീയസമൂഹത്തിനു മുന്നിൽ സാഹിത്യപ്രഭാഷണം നടത്താൻ സാധിക്കില്ലെന്ന് ചുള്ളിക്കാട് അറിയിച്ചത്. വൈകാതെ തന്നെ അദ്ദേഹം ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു. ഈയിടെ കേരള സാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ദുരനുഭവമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിൽ.
സാഹിത്യഅക്കാദമിയിൽ പ്രഭാഷണത്തിന് പോയ അദ്ദേഹത്തിന് കാർവാടകപോലും ലഭിക്കാത്തതിന്റെ പരിഭവം ചുള്ളിക്കാട് പങ്കുവെച്ചിരുന്നു. ഇതിന്റെ പേരിൽ പലരും സാമൂഹികമാധ്യങ്ങളിലൂടെ അദ്ദേഹത്തെ അപമാനിച്ചുകൊണ്ട് രംഗത്ത് വരുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടവരൊന്നും അതിനെ വേണ്ടരീതിയിൽ പ്രതിരോധിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് ചുള്ളിക്കാട് ഇനി മലയാളികൾക്കു മുൻപിൽ സാഹിത്യം പറയുന്നില്ലെന്ന തീരുമാനം എടുത്തത്.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഫേസ്ബുക് പോസ്റ്റ്
ബാല്യം മുതൽക്കേ എം.ടി വാസുദേവൻ നായരുടെ വായനക്കാരനായിരുന്നു ഞാൻ. 1980-ൽ ആലുവ യു.സി കോളേജിൽ പഠിക്കുമ്പോഴാണ് ഒരു കവിയരങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് എം.ടി വാസുദേവൻ നായരുടെ കത്ത് എനിക്ക് ലഭിക്കുന്നത്. അന്ന് എം.ടി സാറിനെ വ്യക്തിപരമായി പരിചയമില്ലാതിരുന്ന എന്നെ ആ ക്ഷണം വലിയ ഒരുംഗീകാരമായി കണ്ട് സന്തോഷിപ്പിച്ചു. അന്നുമുതൽ സ്നേഹാദരപൂർണമായ വ്യക്തിബന്ധം അദ്ദേഹത്തോട് ഞാൻ പുലർത്തിപ്പോരുന്നുണ്ട്. ഞാൻ മാഷേ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്.
തുഞ്ചൻ പറമ്പിൽ സാഹിത്യപ്രഭാഷണങ്ങൾ നടത്താനായി അനേകം പ്രാവശ്യം അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. അനേകം പ്രഭാഷണങ്ങൾ അവിടെ ഞാൻ നടത്തിയിട്ടുമുണ്ട്. കുറച്ചുനാൾ മുൻപും അദ്ദേഹം എന്നെ വിളിച്ചിരുന്നു. ‘ഷേക്സ്പിയറിനെക്കുറിച്ച് ഒരു പ്രഭാഷണം ബാലൻ നടത്തണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതിനുവേണ്ട അറിവും ആത്മവിശ്വാസവും എനിക്ക് ഇല്ല മാഷേ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ അദ്ദേഹം പറഞ്ഞു എന്നാൽ ആശാൻകവിതയെക്കുറിച്ച് ആയാലോ എന്ന്.
‘അതാവാം’ ഞാൻ ഉത്സാഹത്തോടെ പറഞ്ഞു. ഇന്ന് തുഞ്ചൻ പറമ്പിൽ നിന്ന് ശ്രീകുമാർ വിളിച്ചുചോദിച്ചു: ‘എം.ടിസാർ പറഞ്ഞിരുന്ന ആ പ്രഭാഷണം നമുക്ക് എന്നുനടത്താം എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.’ ഞാൻ അദ്ദേഹത്തിന് ഇങ്ങനെ മറുപടി നൽകി: ‘ ഞാൻ സാഹിത്യപ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല. ദയവായി എന്നെ ഇതിൽ നിന്ന് ഒഴിവാക്കണം. ഈയിടെ സമൂഹത്തിൽ നിന്ന് ഉണ്ടായ ദുരനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
പ്രിയപ്പെട്ട എം.ടി വാസുദേവൻ നായർ, അങ്ങ് എന്നോട് സർവാത്മനാ ക്ഷമിക്കണം. ഞാൻ കാർവാടകപോലും അർഹിക്കുന്നില്ല എന്ന് വിധിയെഴുതിയ ഈ മലയാളികളുടെ മുൻപിൽ സാഹിത്യപ്രഭാഷകനായി വന്നുനിൽക്കാൻ ഇനിയൊരിക്കലും ഞാനില്ല, എനിക്കതിന് കഴിയില്ല.