അസാധ്യ ബാറ്റിങ് ശൈലിയിലൂടെ ക്രിക്കറ്റിൽ ഏറെ ആരാധകരെ ഉണ്ടാക്കിയ കളിക്കാരനാണ് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ. ഐ.പി.എല്ലിലും സജീവമായിരുന്ന അദ്ദേഹത്തിന് ഇന്ത്യയിലും ആരാധകർ ഏറെയാണ്. 2019ലായിരുന്നു താരം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇപ്പോൾ ക്രിക്കറ്റ് വിട്ട ശേഷം സംഗീതത്തിലൂടെ ആരാധകരെ വിസ്മയിപ്പിക്കുകയാണ് ഗെയ്ൽ. 2020ൽ ‘വി കം ഔട്ട് ടു പാർട്ടി’ എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് സംഗീത രംഗത്തെ സ്കോറിംഗ് ആരംഭിച്ചത്.
2022ൽ അദ്ദേഹം ചെയ്ത ‘ട്രോപ്പിക്കൽ ഹൗസ് ക്രൂസസ് ടു ജമൈക്ക: ദ ഏഷ്യൻ എഡിഷൻ’ എന്ന സംഗീത ആൽബം ഗ്രാമി അവാർഡിന് അയച്ച് വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ് ഗെയിലിപ്പോൾ. തങ്ങൾക്കുവേണ്ടി ഒരു ആൽബം ചെയ്യണമെന്ന ആവശ്യവുമായി ജമൈക്കയിൽ നിന്നുള്ള ബിൽബോർഡ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സമീപിക്കുകയായിരുന്നെന്നും ഗെയ്ൽ പ്രതികരിച്ചു.
‘ഗിമ്മീ യുവർ ലവ്’, ‘ചോക്കോ ലോക്കോ റീമിക്സ്’ എന്നീ രണ്ടു ഗാനങ്ങളാണ് ക്രിസ് ഗെയ്ൽ ആൽബത്തിൽ ആലപിച്ചിട്ടുള്ളത്. കൂടാതെ ഗ്രാമി പുരസ്കാര ജേതാവ് ലോറിൻ ഹിൽ, മോർഗൻ ഹെറിറ്റേജ്, കേപ്പിൾട്ടൺ, സിസ്സ്ല എന്നിവരും ആൽബത്തിൽ ഗായകരായി എത്തുന്നുണ്ട്. ഗ്രാമി നാമനിർദേശം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ക്രിസ് ഗെയ്ൽ പറഞ്ഞു.
കോവിഡ് ലോക്ഡൗൺ കാലത്താണ് ഗെയ്ൽ സംഗീതത്തിലേക്കുള്ള യാത്ര തുടങ്ങിയത്. അത് എക്കാലത്തെയും സ്വപ്നമായിരുന്നെങ്കിലും സ്റ്റൈലോ ജി എന്ന യു.കെയിൽ നിന്നുള്ള കലാകാരനെ പരിചയപ്പെട്ടത് മുതലാണ് സംഗീതം എന്ന ആഗ്രഹം തീവ്രമായത്. അദ്ദേഹവുമൊത്ത് ചെയ്ത പാട്ട് കേട്ടപ്പോഴാണ് ആദ്യമായി ഈ കലാരൂപവുമായി പ്രണയത്തിലായത്. ഇന്ന് സ്വന്തമായി ‘ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡ്സ്’ എന്ന പേരിൽ മ്യൂസിക് ലേബലും വീട്ടിൽ സ്വന്തമായി സ്റ്റുഡിയോയും ക്രിസ് ഗെയ്ലിനുണ്ട്.
ക്രിക്കറ്റിൽ എല്ലാം നല്ലതായിരുന്നു. എന്നാലിപ്പോൾ ഏറ്റവും കൂടുതൽ സമയവും ഊർജവും സംഗീതത്തിൽ ചെലവഴിക്കുന്നു. ഇന്ത്യൻ കലാകാരന്മാരായ എമിവേ ബന്തായ്, ആർകോ എന്നിവരുമായുള്ള സഹകരണം വിജയകരമായിരുന്നു. ഇപ്പോൾ ഷാഗി, സീൻ പോൾ എന്നിവരോടൊപ്പം പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. മാത്രമല്ല, ബോളിവുഡിൽ അഭിനേതാവിന്റെ വേഷങ്ങൾ ചെയ്യാനും ആഗ്രഹമുണ്ട്. ഇന്ത്യയിൽ നിന്ന് ജമൈക്കയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുന്നതിന് ജമൈക്കൻ സർക്കാറിന്റെ സാംസ്കാരിക അംബാസഡറായി പ്രവർത്തിക്കുമെന്നും ക്രിസ് ഗെയ്ൽ വ്യക്തമാക്കി.