മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ ബാലതാരമാണ് ദേവനന്ദ. ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് ദേവനന്ദ നൽകിയ അഭിമുഖത്തേത്തുടർന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ സൈബർ ആക്രമണം നേരിടുന്നത്. ഇതോടെ എറണാകുളം സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ദേവനന്ദയുടെ അച്ഛൻ.
ഒരു സിനിമയുടെ ഭാഗമായി ദേവനന്ദ നടത്തിയ അഭിമുഖത്തിൽ നിന്നുള്ള ഒരു ഭാഗം മാത്രം കട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട് ചിലർ മോശം പരാമർശം നടത്തിയെന്നുമാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. “എല്ലാവർക്കും നമസ്കാരം, പുതിയ സിനിമ ‘ഗു’വിന്റെ ഭാഗമായി ഞങ്ങളുടെ വീട്ടിൽ വെച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത ഇന്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം കട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കും മോശം പരാമർശങ്ങൾ നടത്തിയവർക്ക് എതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന വിവരം എൻ്റെ പ്രിയപ്പെട്ട നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു” എന്നാണ് ദേവനന്ദ പറഞ്ഞത്.
ദേവനന്ദയുടെ അച്ഛൻ പൊലീസിൽ നൽകിയ പരാതിയുടെ പൂർണരൂപം വായിക്കാം:
“ബഹുമാനപ്പെട്ട SHO മുൻപാകെ ദേവനന്ദയ്ക്ക് വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിൻ ബോധിപ്പിക്കുന്ന പരാതി,
എന്റെ മോളുടെ ഏറ്റവും പുതിയ സിനിമയായ ‘ഗു’വിന്റെ പ്രമോഷന്റെ ഭാഗമായി എന്റെ വീട്ടിൽ വെച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത അഭിമുഖത്തിൽ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹ മാധ്യമത്തിൽ മനഃപൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികൾ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മുകളിൽ പറഞ്ഞ ചാനലിൽ വന്ന ഇൻ്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്ത് അവരുടെ സ്വന്തം വീഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തു.
ഇവരുടെ ഈ പ്രവർത്തി കൊണ്ട് എന്റെ 10 വയസുള്ള മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുകയും, സമൂഹം മധ്യേ മനഃപൂർവം അപമാനിക്കപ്പെടുകയും ചെയ്യുക ഉണ്ടായിട്ടുണ്ട്. ഈ പ്രൊഫൈൽ ഡീറ്റെയിൽസ് അടുത്ത പേജിൽ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതതയോടെ ജിബിൻ.”